ഇന്‍ഡോര്‍: പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് നാലംഗ കലാസംഘത്തെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖിക്ക് പുറമെ എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വാസ്, നളിന്‍ യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മതവികാരം വ്രണപ്പെടുത്തല്‍, കൊവിഡ് വ്യാപിക്കാനുള്ള സാധ്യത അവഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്‍ഡോറിലെ 56 ദൂക്കാന്‍ ഏരിയയിലായിരുന്നു പരിപാടി.
സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള മുനവര്‍ ഫാറൂഖിക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ മുന്‍പും സമാന പരാതികള്‍ നല്‍കിയിട്ടുണ്ട്.ഹിന്ദു രക്ഷക് സംഘടന്‍ കണ്‍വീനറും ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിംഗ് ഗൗറിന്റെ മകനുമായ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഏകലവ്യ സിംഗ് അടങ്ങുന്ന സംഘം തന്നെയാണ് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചതും. ജാമ്യാപേക്ഷ തള്ളിയ കോടതി ജനുവരി 13 വരെ കലാസംഘത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.സുഹൃത്തുക്കളോടൊപ്പം പരിപാടി കാണാന്‍ പോയതാണ് താനെന്നും അവതരണത്തിനിടെ അമിത് ഷായ്ക്കെതിരെയും ഹിന്ദു ദൈവങ്ങള്‍ക്കെതിരെയും മോശം പ്രയോഗങ്ങളുണ്ടായതോടെ പരിപാടി തടഞ്ഞ് കലാസംഘത്തെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു എന്നുമാണ് പരാതിക്കാരന്റെ വാദം.




