തിരുവനന്തപുരം: ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷല്‍ കോര്പറേഷന്. ഈ വര്‍ഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപയ്ക്കു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ച ആയിരം കോടി.
ഇതോടെ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപയാകും. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണിതെന്ന് കെഎഫ്സിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന് ജെ.തച്ചങ്കരി അറിയിച്ചു. കൊളാട്ടറല്‍ സെക്യൂരിറ്റി ഇല്ല.
ബാങ്കുകള്‍ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറല്‍ സെക്യൂരിറ്റി കൂടി വാങ്ങുമ്ബോള്‍ കെഎഫ്സി ഇത് ഒഴിവാക്കുന്നത് ഈട് കുറവുള്ള സംരംഭകര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിന് കാരണമാകുന്നു.
സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെഎഫ്സി യില്‍ നല്‍കാം. നിയമങ്ങളില്‍ അതിനുള്ള മാറ്റം വരുത്തിയിട്ടുണ്ട്.
ഈട് ഇല്ലാതെയാണ് കെഎഫ്സി ഒരു ലക്ഷം വരെയുള്ള വായ്പകള്‍ സംരംഭക വികസന പദ്ധതിയില്‍ അനുവദിക്കുന്നത്. പതിനായിരത്തില്പരം അപേക്ഷകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇത് കൂടാതെയാണ് സാധാരണ സ്കീമില്‍ ആയിരം കോടി രൂപ കൂടി പുതിയതായി കെഎഫ്സി അനുവദിക്കുന്നത്.
ഇപ്പോഴുള്ള സംരംഭകര്‍ക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്കുന്ന ഇരുപതു ശതമാനം ‘അധിക വായ്പാ പദ്ധതി’ യുടെ കാലാവധി അടുത്ത മാര്‍ച്ച് 31 വരെ നീട്ടി. പദ്ധതിയില്‍ ഇതുവരെ 379 സംരഭര്‍ക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകര്‍ക്കു അവരുടെ വായ്പകള്‍ പുനക്രമീകരിക്കാനും അവസരം നല്‍കും.
പലിശ കുടിശികള്‍ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവും നല്‍കും.
തിയറ്ററുകള്‍ നിശ്ചലമായ വേളയില്‍ സിനിമാ വ്യവസായത്തിനു ഉണര്‍വേകാന്‍, പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി സഹകരിച്ച് വ്യവസ്ഥകളോടെ സിനിമകള്‍ക്കുള്ള വായ്പകള്‍ പുനരാരംഭിക്കുവാനും കെഎഫ്സി തീരുമാനിച്ചിട്ടുണ്ട്




