റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിലെ മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടിയുടെ വെളിപ്പെടുത്തല്‍; രണ്ട് ചെറുപ്പക്കാർ ശരീരത്തിൽ സ്പർശിച്ച് പിൻതുടർന്നു

December 18, 2020 - 11:38 am

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവ നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കളമശേരി സി.ഐ അറിയിച്ചു.

വ്യാഴാഴ്ച(17/12/2020) രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് തനിക്ക് രണ്ട് ചെറുപ്പക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്.

കുടുംബത്തിനൊപ്പം വ്യാഴാഴ്ച ഷോപ്പിങ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്ന നടിയുടെ സമീപത്ത് കൂടി പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ തന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തായി സ്പര്‍ശിച്ചു എന്നാണ് താരം പറയുന്നത്.

അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു.

തുടര്‍ന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നല്‍കിയത്.

അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. അവരോട് തനിക്ക് ഒന്നും പറയാൻ സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.

വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്പോഴും കുനിയുമ്പോഴും എന്റെ വസ്ത്രം ശരിയാക്കണം. തിരക്കില്‍ കൈകള്‍ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും. തന്റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം പറഞ്ഞു.

സ്ത്രീകളുടെ സന്തോഷവും ധൈര്യവുമാണ് ഇത്തരത്തില്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നടിയെ നേരിട്ട് കണ്ട് വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *