ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം വീണ്ടെടുത്തു. ആര്‍.എസ് റോഡ് ജംഗ്ഷനടക്കം സമീപ സ്ഥലങ്ങളില്‍ നിന്നാണ് ഇത്രയും സ്ഥലം സര്‍ക്കാര്‍ വീണ്ടെടുത്തത്.
17 സ്ഥലങ്ങളാണ് നാലുവര്‍ഷം മുമ്പ് തുടങ്ങി വെച്ച ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സര്‍വേ നടത്തി ഒഴിപ്പിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതിന്റെ സ്ഥലമുടമകളുമായി വാദം പൂര്‍ത്തിയായി. ഒഴിഞ്ഞു കൊടുക്കാമെന്ന് ഒമ്പതുപേര്‍ അറിയിച്ചു.
ആര്‍.എസ് റോഡ് ജംഗ്ഷനിലെ സ്ഥലം കെട്ടിട ഉടമ തന്നെ പൊളിച്ചുനീക്കി സ്ഥലം വിട്ടുനല്‍കി. വീണ്ടെടുത്ത ഈ സ്ഥലത്തേക്ക് അഴുക്കുചാല്‍ മാറ്റി സ്ഥാപിക്കും. വിഷയം ഹൈക്കോടതി പരിഗണനയിലായതിനാല്‍ റവന്യൂ വകുപ്പ് നിര്‍മ്മാണാനുമതിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്.
അഴുക്കുചാല്‍ മാറ്റി സ്ഥാപിക്കേണ്ടത് ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ അത്യാവശ്യമാണ്. അനുമതി കിട്ടിയാലുടന്‍ പ്രവൃത്തിയാരംഭിക്കും. പെട്രോള്‍ പമ്പ് മുതല്‍ ലക്ഷ്മി തിയേറ്റര്‍ ജംഗ്ഷന്‍ വരെയാണ് കൈയേറ്റം കണ്ടെത്തിയത്. ഇതില്‍ മൂന്നിടത്ത് ടൈല്‍സ് പതിച്ചതുപോലുള്ള ചെറിയ കൈയേറ്റങ്ങളാണ്. ഇതിനുപുറമെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള മൂന്ന് കൈയേറ്റം കൂടിയാണ് ഇനി ഒഴിപ്പിക്കാനുള്ളത്.



