റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോളാറിൽ ഇനി ചിലതും കൂടി പുറത്തു വരാനുണ്ട്; തൻ്റെ നിരപരാധിത്വം പൂർണമായും തെളിയും; പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി

December 1, 2020 - 4:43 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും ചില സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അപ്പോള്‍ മാത്രമേ താന്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളൂവെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതെന്താണെന്ന കാര്യം താന്‍ ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ പുറകിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല.

വിജയം കിട്ടിയെന്നും കരുതുന്നില്ല. ആരോപണം വന്നപ്പോഴും ഞാന്‍ ടെന്‍ഷന്‍ ആയിട്ടില്ല. ഇപ്പോള്‍ ഇത് വരുമ്പോഴും അമിതമായി ആഹ് ളാദിക്കുന്നില്ല. ഇതെല്ലാം ഇതിന്റെ ഭാഗമാണ്. പൂര്‍ണമായും കുറ്റക്കാരനല്ല എന്നുള്ള നിലയില്‍ വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.

എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ വേദനിക്കുന്ന ചിലരുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല. ആരോപണവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ശതമാനം കൂടി വന്നാലേ അത് നൂറ് ശതമാനമാകുകയുള്ളൂ” ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏത് വിഷയത്തിലാണ് കാര്യങ്ങള്‍ പുറത്തുവരാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ വിഷയത്തില്‍ തന്നെ അല്പം കൂടി കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും കാത്തിരിക്കൂ എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഇനിയൊരു അന്വേഷണം നടത്തി അനാവശ്യമായി ഗവണ്‍മെന്റിന് ചിലവും കാര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ടോയെന്നും ഒന്നിന്റെ ഫലം നമ്മള്‍ കണ്ടതല്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. അന്വേഷണം കൊണ്ട് സര്‍ക്കാരിന്റെ പണം പോയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *