തിരുവനന്തപുരം: രാജ്യത്ത് ബിഐഎസ് മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു. 2021 ജൂണ്‍ 1 മുതല്‍ നിരോധനം നിലവില്‍ വരും.വിജ്ഞാപനം പ്രാബല്ല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ബിഐഎസ് ഇതര ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് കുറ്റകരമാകും. ഭാരം കുറഞ്ഞതും നിലവാരമുളളതുമായ ഹെല്‍മെറ്റുകള്‍ മാത്രം വിപണിയില്‍ ലഭ്യമാക്കുന്നതിനും അല്ലാത്തവ ഒഴിവാക്കാനുമാണ് നീക്കം. അപകടങ്ങളില്‍ പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്ന് രക്ഷിക്കാനും പുതിയ നിയമം സഹായിക്കുമെന്ന് റോഡ് ഗതാഗത ദേശീയ മന്ത്രാലയം ഒരു പ്രസ്‌താവനയില്‍ പറഞ്ഞു.
റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ പരിഗണിക്കുന്നതിനും പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു. എയിംസില്‍ നിന്നുളള വിദഗ്‌ദ ഡോക്ടര്‍മാരും ബിഐഎസും ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിന്നുളള വിദഗ്‌ദരും ഉള്‍പ്പടുന്നതായിരുന്നു സമിതി.
വിശകലനത്തിന് ശേഷം 2018 മാര്‍ച്ചില്‍ ഈ സമിതി രാജ്യത്ത് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ ശുപാര്‍ശ ചെയ്‌തുകൊണ്ട് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് ബിഐഎസ് പ്രത്യേക സവിശേഷതകള്‍ പരിഷ്‌ക്കരിച്ച് അതിലൂടെ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം ഇന്ത്യയില്‍ 1.7 കോടിയോളം ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് കണക്കുള്‍.
ഹെല്‍മെറ്റുകള്‍ക്ക് ബിഐഎസ്. മാനദണ്ഡം നിര്‍ബ്ബന്ധമാക്കുന്ന മന്ത്രാലയത്തിന്റെ നീക്കം സ്വഗതാര്‍ഹമാണെന്ന് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റോഡ് സുരക്ഷാ സ്ഥാപനമായ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ പറഞ്ഞു.



