തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചു.
രാജേഷിന് ഇരട്ട വോട്ടുള്ളതായി ആരോപിച്ച് സി പി ഐ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് മൂന്നാമതൊരിടത്ത് കൂടി വോട്ടര്‍പട്ടികയില്‍ പേരുള്ളതായി ആരോപണമുയർന്നത്.
നവംബര്‍ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് വാര്‍ഡുകളിലെ വോട്ടര്‍പട്ടികയിലും രാജേഷിന്റെ പേരുള്ളതായാണ് പരാതി.
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം ഒന്നിലധികം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നല്‍കുന്നത്.
രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്‌ട് ലംഘിച്ചതായി തെളിഞ്ഞതായാണ് ഇടതു മുന്നണിയുടെ ആക്ഷേപം. സിപിഐ ജില്ലാസെക്രട്ടറി ജി ആര്‍ അനിലാണ് പരാതി നല്‍കിയത്.