തദ്ദേശസ്ഥാപനങ്ങളില്‍ പകുതിയോളം എണ്ണത്തില്‍ ഈഴവര്‍ തഴയപ്പെട്ടതായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപട്ടികകളില്‍ നിന്ന്‌ ഈഴവര്‍ ഉള്‍പ്പെടെയുളള പിന്നാക്കക്കാര്‍ പാടെ തഴയപ്പെട്ടതായി ആക്ഷേപം. ഏകദേശം 600 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ പിന്നാക്കകാര്‍ പാടെ ഇല്ല. 1200 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. 941 ഗ്രാമ പഞ്ചായത്തുകളില്‍ 400 എണ്ണത്തിലെയും കോണ്‍ഗ്രസ്‌ പട്ടികയില്‍ ഈഴവ പ്രാതിനിധ്യം വട്ടപൂജ്യം. നഗരസഭകള്‍ വരെയുളള മറ്റ്‌ സ്ഥാപനങ്ങളില്‍ പലതിലും 1 മുതല്‍ പൂജ്യം വരെയുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പത്രിക സമര്‍പ്പിക്കുകയും പ്രചരണം രണ്ട്‌ റൗണ്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്‌ത നിരവധിപേര്‍ പുറത്തായത്‌ അവസാന നിമിഷത്തിലാണ്‌. നേതൃത്വം അയോഗ്യത കല്‍പ്പിച്ചതോടെ അവരെല്ലാം പത്രികകള്‍ പിന്‍വലിച്ചു. നേതൃത്വത്തിന്‌ വേണ്ടപ്പെട്ടവര്‍ സീറ്റ്‌ ഉറപ്പിക്കുകയും ചെയ്‌തു.

വിശ്വകര്‍മ്മജര്‍, ധീവരര്‍ തുടങ്ങി ഹിന്ദുവിഭാഗത്തിലെ മറ്റ്‌ പിന്നാക്കക്കാരുടെ പ്രാതിനിധ്യം വിരലിലെണ്ണാവുന്നതായി. സിറ്റിംഗ്‌ മെമ്പര്‍മാരും സജീവ പ്രവര്‍ത്തകരും ഉള്‍പ്പെടെയുളള പിന്നാക്കക്കാരെ വെട്ടി നിരത്തിയതിന്‌ കാരണമായി നേതൃത്വം പറയുന്നത്‌ വിജയസാധ്യതയില്ലെന്നുളളതാണ്‌. 14 ജില്ലാ പഞ്ചായത്തുകളില്‍ കേണ്‍ഗ്രസ്‌ മത്സരിക്കുന്നത്‌ 223 ഡിവിഷനുകളിലാണ്‌. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുന്നാക്കക്കാര്‍ തന്നെ. ഈഴവ സമുദായത്തിന് ആകെ ലഭിച്ചത്‌ 17 സീറ്റ്‌.

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പിന്നാക്കക്കാരനായ ‌അദ്ധ്യാപകനും ഡിസിസി അംഗവുമായ ഊരൂട്ടമ്പലം ജയചന്ദ്രന്‍ ഉള്‍പ്പെടെ പലര്‍ക്കും അവസാന നിമിഷം സീറ്റ്‌ നിഷേധിക്കപ്പെട്ടു. പലരും രണ്ട്‌ റൗണ്ടുവരെ പ്രചരണം നടത്തി കഴിഞ്ഞവരാണ്‌. ഹിന്ദുപിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന്‌ മാധ്യമങ്ങളെ ഉദ്ധരിച്ച് അഡ്വ‌. ജയശങ്കര്‍ പറഞ്ഞു. ഈഴവര്‍ക്ക്‌ മഹാഭൂരിപക്ഷമുളള സ്ഥലങ്ങളില്‍പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. മറ്റ്‌ സംഘടിത ജാതിമത വിഭാഗങ്ങള്‍ കണക്കുപറഞ്ഞ്‌ സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുമ്പോള്‍ ഈഴവര്‍ പിന്തളളപ്പെടുന്നത്‌ കഷ്ടമാണ്‌.

നമുക്ക്‌ ജാതിയില്ലെന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തിന്റെ ശദാബ്ദി ആഘോഷിച്ച ഈഴവരെ പറ്റിക്കുന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജാതി നോക്കി വോട്ട്‌ ചെയ്യുമ്പോള്‍ ഈഴവര്‍ ചിഹ്നത്തില്‍ കുത്തുന്നതാണ്‌ സമുദായത്തിന്റെ ശാപമെന്ന്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വാക്കുകള്‍ നൂറുശതമാനം ശരിയാണ്‌. ഇത്ര ഗൗരവമേറിയ വിഷയം രാഷ്ട്രീയ പാര്‍ട്ടികേളാ പൊതു സമൂഹമോ ചര്‍ച്ച ചെയ്യാത്തത്‌ ഖേദകരമാണ്‌. ചരിത്രപരമായ കാരണങ്ങളാല്‍ തിരുവിതാംകൂറില്‍ ഡോ. പല്‍പ്പുവിന്‌ ജോലി നിഷേധിച്ചെന്നത്‌ ശരിയാണ്‌ പക്ഷെ 21-ാം നൂറ്റാണ്ടിലും ആ കഥയും പറഞ്ഞിരിക്കുന്ന ഈഴവ സമുദായത്തിനു വേണ്ടി ബുദ്ധിജീവികള്‍ ചിന്തിക്കണമെന്നും ജയശങ്കര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം