ന്യൂഡല്‍ഹി: പഞ്ചാബിലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.
സമരം ചെയ്യുന്ന കര്‍ഷക സംഘടന പ്രതിനിധികളുമായി വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പഞ്ചാബിലെ കര്‍ഷക താല്പര്യങ്ങള്‍ പരിഗണിച്ചാണ് നിയമങ്ങള്‍ പാസാക്കിയതെന്നും നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ അറിയിച്ചു.
നിയമങ്ങളുടെ പേരില്‍ പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. ഈ മാസം 26, 27 തീയതികളില്‍ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്.



