ഹൈദരാബാദ്: ആളില്ലാത്ത നേരത്ത് അയൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞപ്പോൾ പിടിയിലായി. മോഷ്ടാവിന്റെ അമ്മ അതേ ആഭരണങ്ങളും അണിഞ്ഞ് സെൽഫിയെടുത്ത് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് പതിനഞ്ച് മാസം മുൻപു നടന്ന മോഷണക്കഥയുടെ ചുരുളഴിഞ്ഞത്. ഹൈദരാബാദിലെ രാചക്കൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സായിപുരിയിലാണ് സംഭവം നടന്നത്.
2019 ജൂലൈ 12-ാം തീയ്യതി ക്ഷേത്രത്തിൽ പോകുമ്പോൾ ആംഗിഡി രവികിരൺ എന്നയാൾ സ്വന്തം വീട് പൂട്ടാൻ മറന്നു പോയി. തിരിച്ചു വന്നപ്പോൾ വീടിനുള്ളിൽ വച്ച സ്വർണാഭരണങ്ങൾ കാണാതായതായി മനസ്സിലായി. രവി കിരൺ പൊലീസിൽ പരാതി കൊടുത്തു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഒരു തുമ്പും പൊലീസിന് കിട്ടിയില്ല. ഒരു വർഷം കഴിഞ്ഞതോടെ ആഭരണങ്ങൾ തിരിച്ചു കിട്ടുമെന്ന എല്ലാ പ്രതീക്ഷയും രവി കിരൺ ഉപേക്ഷിച്ചു. അപ്പോഴാണ് അയൽക്കാരിയായ വീട്ടമ്മയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽ പെട്ടത്. അദ്ദേഹം പൊലീസിൽ അറിയിച്ചു. പൊലീസെത്തി സ്ത്രീയുടെ മകൻ പൊന്നുഗോട്ടി ജിതേന്ദറിനെ കയ്യോടെ പിടികൂടി.



