ശ്രീനഗർ: ദേശീയ പതാകയുമായി ബന്ധപ്പെട്ട് പി ഡി പി മേധാവി മെഹ്ബൂബ മുഫ്തി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മൂന്ന് പി ഡി പി നേതാക്കൾ പാർട്ടി വിട്ടു.
ദേശീയ പതാകയെ നിഷേധിക്കുന്ന നിലപാടിനെ അംഗീകരിക്കാനാകില്ലെന്ന് പാർട്ടി വിട്ട നേതാക്കൾ രാജിക്കത്തിൽ പറഞ്ഞു. പാർട്ടിയുടെ സ്ഥാപകാംഗവും പൂർബ രാജ്യസഭാ അംഗവുമായ തിർലോക് സിംഗ് ബജ്‌വ, പൂർബ ലെജിസ്ലേറ്റീവ് കൗൺസിൽ എംഎൽഎ വേദ് മഹാജൻ, ഗുജ്ജാർ നേതാവ് ചൗധരി മുഹമ്മദ് ഹുസൈൻ വാഫ എന്നിവരാണ് രാജിവച്ച നേതാക്കൾ.
ജമ്മു കശ്മീരിലെ പതാക പുനഃസ്ഥാപിക്കുന്നതുവരെ മറ്റൊരു പതാകയും ഉയർത്തില്ലെന്ന് മെഹബൂബ 23/10/20 വെള്ളിയാഴ്ച പറഞ്ഞതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.
“ഞങ്ങളുടെ ദേശീയ പതാകയുമായുള്ള ബന്ധം പഴയ ജമ്മു കശ്മീരിലെ പതാകയിൽ നിന്ന് വ്യത്യസ്തമല്ല. ആ പതാക ലഭിക്കുമ്പോൾ ഞങ്ങൾ ഇന്ത്യൻ പതാകയും ഉയർത്തും,” അവർ പറഞ്ഞു.
14 മാസത്തെ തടങ്കലിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ വിവാദ പരാമർശം.



