കോട്ടയം: വീടുകളില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പുനല്‍കി. കോവിഡ് കാലത്ത് വെറുതേയിരിക്കുന്ന പലരും നേരം പോക്കെന്ന നിലയിലും മറ്റും സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് കേക്കുണ്ടാക്കി വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുളളതായി അധികൃതര്‍ പറഞ്ഞു. വീടുകളില്‍ ആണെങ്കിലും ഇങ്ങനെ ചെയ്യുന്നതിന് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബ്ബന്ധമാണെന്ന് ഓര്‍മ്മപ്പെടുത്തി ഭക്ഷ്യ സുരക്ഷാവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
ബേക്കറികള്‍, ചായകടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി സറ്റോറുകള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്ന ആളുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്ല്യാണ മണ്ഡപം നടത്തുന്നവര്‍, പഴം പച്ചക്കറി കച്ചവടക്കാര്‍, മത്സ്യ കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമേ ഹോംമെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധമായും എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. ആദ്യഘട്ടമെന്ന നിലയില്‍ ബോധവല്‍ക്കരണമാണ് ഇപ്പോള്‍ നടത്തുന്നത്. ഏത് ഭക്ഷ്യ വസ്തുവിന്‍റെയും വില്‍പ്പനയും വിതരണവും ലൈസന്‍സ് മുഖേനയേ നത്താവൂ. ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ ഇതിനാല്‍ കഴിയും. സാധനങ്ങളുടെ പേരും രജിസ്റ്റര്‍ നമ്പരും വിലയും എക്‌സ്‌പയറി ഡേറ്റുമടക്കമുളള വിവരങ്ങള്‍ കവറില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് 100രൂപയാണ് ഫീസെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.




