റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ്: കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 69 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ടായി. 77 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ഒറ്റയാള്‍ പോരാട്ടത്തിനും പഞ്ചാബിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. റാഷിദ് ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും ടി നടരാജനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹൈദരാബാദിന്റെ ഹൈലൈറ്റ്. ഓപ്പണര്‍മാരായ ജോണി ബെയര്‍ സ്റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്‌സിന് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി. ജോണി ബെയര്‍സ്‌റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി. എന്നാല്‍ മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളില്‍ സണ്‍റൈസേഴ്‌സ് തകരുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ അനായാസം സ്കോര്‍ 250 കടക്കുമെന്ന നിലയില്‍ നിന്നാണ് 201 റണ്‍സിലേക്ക് സണ്‍റൈസേഴ്‌സ് താഴ്ന്നിറങ്ങിയത്. സ്‌കോര്‍ബോര്‍ഡ് 160ല്‍ നില്‍ക്കെ 17ാം ഓവറില്‍ രവി ബിഷ്‌ണോയി വാര്‍ണറെയും ബെയര്‍‌സ്റ്റോയെയും പുറത്താക്കി കളി പഞ്ചാബിന് അനുകൂലമാക്കി. അര്‍ഹിച്ച സെഞ്ചുറിയാണ് ബെയര്‍സ്‌റ്റോയ്ക്ക് നഷ്ടമായത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും പെട്ടെന്ന് ക്രീസ് വിട്ടു. പിന്നീട് വന്‍തകര്‍ച്ചയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്‌സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്‌സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ച നിക്കോളാസ് പൂരന്‍ പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തി. 17 പന്തുകളില്‍ നിന്നും അര്‍ധ1 സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂരന്‍ ഈ സീസണില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി.

ഐപിഎല്ലില്‍ വാര്‍ണര്‍ നേടുന്ന 50ാം അര്‍ധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാര്‍ണര്‍. അതോടൊപ്പം ടി 20 യില്‍ 9500 റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *