റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂര്‍: സുഹൃത്തായ പ്രവാസിക്ക് നാട്ടിലെ ഒരു കോടി രൂപയ്ക്ക് പകരമായി ഗൾഫിൽ 2 കോടി രൂപ നൽകാമെന്ന് വാക്കു നൽകി 80 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘത്തിലെ കണ്ണൂർ സ്വദേശി പിടിയിൽ.

കണ്ണൂര്‍ തളിപ്പറമ്പ് പുതിയവീട്ടില്‍ റിവാജ് (34) ആണ് 6-10 -2020 ചൊവ്വാഴ്ച തിരൂര്‍ പോലീസിന്റെ പിടിയിലായത്. തളിപ്പറമ്പ് മന്നയിലെ സ്കൂള്‍ മൈതാനത്തു ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് റിവാജിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമടക്കം 17 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രധാന പ്രതിയും പ്രവാസിയുടെ സുഹൃത്തുമായ ആൾ മുംബൈയിലേക്കു കടന്നതായാണു വിവരം.

25-9 -2020 നാണ് സംഭവം നടന്നത്. തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ വീട്ടിലേക്ക് ഗൾഫിലുള്ള മകന്റെ സുഹൃത്തായ കാസര്‍കോട് സ്വദേശി അടക്കം നാലംഗ സംഘം എത്തുകയായിരുന്നു.

ഒരു കോടി രൂപ നല്‍കിയാല്‍ കുഞ്ഞഹമ്മദിന്റെ വിദേശത്തുള്ള മകന് 2 കോടി രൂപയ്ക്കു തുല്യമായ തുക കൈമാറാമെന്നു സംഘം വിശ്വസിപ്പിച്ചു.
പണം മകൻ്റെ അക്കൗണ്ടിലേക്ക് എത്തിയാല്‍ മാത്രമേ ഒരു കോടി രൂപ കൈമാറൂ എന്നായിരുന്നു കുഞ്ഞഹമ്മദിൻ്റെ നിലപാട്. ഒരുകോടി രൂപ നേരിട്ടു കണ്ടാൽ മകൻ്റെ അക്കൗണ്ടിൽ 2 കോടി നിക്ഷേപിക്കാമെന്ന് സംഘം പറഞ്ഞു. തുടർന്ന് കുഞ്ഞഹമ്മദ് തുക സംഘത്തെ കാണിക്കുകയും ചെയ്തു.

പണമുണ്ടെന്ന് മനസിലാക്കിയ സംഘം തിരിച്ചു പോയതിന് ശേഷം രാത്രി തിരിച്ചെത്തി വീട്ടില്‍ ഓടിക്കയറി പണം അതിക്രമിച്ച് തട്ടിയെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടയില്‍ 20 ലക്ഷം രൂപ വീടിനകത്തുതന്നെ വീണു. ബാക്കി 80 ലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

സിസിടിവിയില്‍ പതിഞ്ഞ കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പോലീസിന് പിടിവള്ളിയായത്. റിവാജിന് കാര്‍ വാടകയ്ക്ക് നല്‍കിയയാളെ പോലീസ് കണ്ടെത്തി.

ഇയാൾ സ്ഥിരമായി തളിപ്പറമ്പ് മന്നയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്താറുണ്ടെന്നു പോലീസ് മനസ്സിലാക്കി. റിവാജിനെ നിരീക്ഷിക്കാനായി പോലീസ് വേഷം മാറിയെത്തി സ്കൂള്‍ ഗ്രൗണ്ടില്‍നിന്നു പിടികൂടുകയായിരുന്നു.
കളിയ്ക്കിടെ റിവാജ് പോലീസിനെ തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴടക്കി.

റിവാജിനെതിരേ പരിയാരം, തളിപ്പറമ്പ് സ്റ്റേഷനിലും കേസുകളുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് പരിയാരത്ത് പഴയ കറന്‍സി നോട്ടിനു പകരം പുതിയ നോട്ട് നല്‍കുമെന്ന് വിശ്വസിപ്പിച്ച് ഉത്തരേന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും പ്രതിയാണ്.

തിരൂര്‍ സിഐ ടി.പി.ഫര്‍ഷാദ്, എസ്‌ഐമാരായ ജലീല്‍ കറുത്തേടത്ത്, കെ.ഷറഫുദ്ദീന്‍, കെ.പ്രമോദ്, എഎസ്‌ഐ ഷിബു വള്ളിക്കുന്ന്, കെ.അഭിമന്യു, തളിപ്പറമ്പ് സിഐ സത്യനാഥന്‍, എസ്‌ഐ സഞ്ജയ കുമാര്‍, അഡിഷനല്‍ എസ്‌ഐ അബ്ദുല്‍ റൗഫ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സ്നേഹേഷ്, ബീനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *