പാറ്റ്ന: രണ്ട് വർഷത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന ലാലു പ്രസാദ് യാദവിനെ ഉടൻ ജയിൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബി ജെ പി . കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലയക്കപ്പെട്ട രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് രണ്ട് വർഷത്തിലേറെയായി ഝാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (റിംസ് ) ചികിത്സയിലാണ്.
രോഗിയായി ആശുപത്രിയിൽ താമസിക്കുന്നതിന്റെ എല്ലാ പരിധിയും ആർജെഡി മേധാവി ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ബിജെപിയെ ‘ലാലു ഭയം’ ബാധിച്ചിരിക്കുക യാണെന്ന് ആർജെഡി തിരിച്ചടിച്ചു.
മുൻ ബീഹാർ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് 2017 ഡിസംബർ 23 മുതൽ ജയിലിലാണ്. രണ്ടുമാസത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ കാണിച്ച അദ്ദേഹത്തെ റിംസിലേക്കും പിന്നീട് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും (എയിംസ്) മാറ്റി. 2018 മെയ് മാസത്തിൽ എയിംസിലെ ഡോക്ടർമാർ ആരോഗ്യവാനാണെന്ന് വിധിച്ചതിനു ശേഷം അദ്ദേഹത്തെ റിംസിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും റിംസിലെ കിടക്കകളുടെ കുറവും കാരണം നിലവിൽ അദ്ദേഹത്തെ കെംസ് ബംഗ്ലാവ് എന്നറിയപ്പെടുന്ന റിംസ് ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റിയിരിക്കുകയാണ്.
”ലാലു പ്രസാദിന് പല രോഗങ്ങളും ബാധിച്ചിട്ടുണ്ട്. ‘ടൈപ്പ് 2’ പ്രമേഹവും രക്താതിമർദ്ദവുമുണ്ട്. വിട്ടുമാറാത്ത വൃക്ക രോഗിയുമാണ്. “
ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സഞ്ജയ് കുമാർ പറയുന്നു. ബീഹാർ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ ലാലു പ്രസാദിൻ്റെ ചികിത്സയും രാഷ്ട്രീയ വിവാദമാകുകയാണ്.



