ന്യൂഡല്‍ഹി: രാജ്യത്തെ കയറ്റുമതി നിരക്ക് 5.27 ശതമാനം വര്‍ധിച്ച് സെപ്റ്റംബറില്‍ 27.4 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ സൂചകമാണിതെന്ന് അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്നിവയുടെ ഭാഗമായിട്ടാണ് ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ 20 ന് 5.27 ശതമാനം വര്‍ധിച്ചത്. 2019 സെപ്റ്റംബറില്‍ 26.02 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കയറ്റുമതി.മാര്‍ച്ച് മുതല്‍ കൊവിഡിനെ തുടര്‍ന്ന് കയറ്റുമതയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അന്താരാഷ്ട്ര വിപണി തുറന്ന് വരുന്നതിനാല്‍ കയറ്റുമതി മേഖല വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ) ചെയര്‍മാന്‍ മോഹിത് സിംഗ്ല പറഞ്ഞു. കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) പ്രസിഡന്റ് ശരദ് കുമാര്‍ സറഫ് പ്രതികരിച്ചത്.

