ന്യൂഡല്‍ഹി: ചൈനയ്ക്ക് ആശങ്ക നല്‍കി ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളടങ്ങുന്ന ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഒക്ടോബര്‍ 6 ന് ടോക്കിയോയില്‍ യോഗം ചേരും. ഭീകരവാദം, സൈബര്‍ സമുദ്ര സുരക്ഷ, വികസനം, ധനകാര്യം, ദുരന്ത പ്രതിരോധം, 5 ജി, 5 ജി-പ്ലസ് ടെലികോം നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും ഇന്തോ-പസഫിക്കിലെ ആശയവിനിമയങ്ങളുടെ കടല്‍ പാതകള്‍ സുരക്ഷിതമാക്കുന്നതിലുമുള്ള പ്രായോഗിക സഹകരണം എന്നിവയാണ് ചര്‍ച്ചയിലെ അജണ്ട.
അതേസമയം, ക്വാഡ് യോഗം ചൈന ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം, ചൈനയുമായുളള 50 വര്‍ഷത്തെ നയത്തില്‍ യു.എസ് മാറ്റം വരുത്തിയത്, ചൈനയിലേക്കുള്ള ഓസ്ട്രേലിയന്‍ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ഓസ്ട്രേലിയന്‍ ബീഫ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത്, സെന്‍കാക്കു ദ്വീപുകളില്‍ ചൈനയുടെ കടന്നുകയറ്റ ഭീഷണി ജപ്പാനും ഭീഷണിയായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. അതിനാല്‍ തന്നെ ചൈനയെ ലക്ഷ്യം വച്ചാണ് യോഗം നടത്തുന്നതെന്ന് ചൈന ഭയപ്പെടുന്നുണ്ട്.




