ചെന്നൈ: മോഷണ കുറ്റത്തിനായി പിടിയിലായ 13കാരന് മോഷണസാധനം തന്നെ സമ്മാനമായി നല്‍കി പോലിസ്. മോഷണത്തിന് പിന്നിലെ കാരണമാണ് സമ്മാനം വാങ്ങി നല്‍കാന്‍ പോലിസിനെ പ്രേരിപ്പിച്ചത്. എന്താണ് കുട്ടി മോഷ്ടിച്ചത് എന്നല്ലേ. 13കാരന്‍ സ്മാര്‍ട്ട് ഫോണാണ് മോഷ്ടിച്ചത്. മോഷ്ടിച്ചതാവട്ടെ ഓണ്‍ ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനും. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ലെന്നും അതിനാലാണ് മോഷണം നടത്തിയതെന്നും 13കാരന്‍ പറഞ്ഞതോടെ പോലിസുകാര്‍ കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. ചെന്നൈയിലെ സ്‌കൂളില്‍ പഠിക്കുന്ന 13കാരനാണ് പോലീസ് പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്.
കുട്ടിയുടെ പിതാവ് ബിസ്‌കറ്റ് കടയിലെ ജീവനക്കാരനാണ്. മാതാവ് വീട്ടുജോലിക്കാരിയും. കോവിഡ് കാരണം സ്‌കൂളിലെ ക്ലാസുകള്‍ ഓണ്‍ലൈനായെങ്കിലും മകന് അതിനുള്ള സൗകര്യമൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രദേശത്തെ രണ്ട് മോഷ്ടക്കള്‍ക്കൊപ്പം 13കാരനും മോഷണത്തിനിറങ്ങിയത്. പുതിയ ഫോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 13കാരനെ ഇവര്‍ കൂടെ കൂട്ടിയത്.

