മലപ്പുറം: മലയാളികളില്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്നായി 7000 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി തമിഴ്‌നാട് സ്വദേശി ഗൗതം രമേശിനെ (32) മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ആസ്ഥാനമായ യൂണിവേഴ്‌സല്‍ ട്രേഡിംഗ് സൊല്യൂഷന്‍സ് (യുടിഎസ്) കമ്പനിയുടെ എംഡിയുടെ പദവിയിലിരുന്നാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. ഗൗതം രമേശിന് കീഴില്‍ കമ്പനി 80,000ത്തിലധികം പേരെ വഞ്ചനയ്ക്കിരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കമ്പനിയുടെ പേരില്‍ മൂന്നുവര്‍ഷത്തോളമായി ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ മുഖേനയും നേരിട്ടും നിക്ഷേപം സ്വീകരിച്ചു വരികയായിരുന്നു. വിവിധ ബിസിനസ് മേഖലകളില്‍ പണം നിക്ഷേപിക്കുമെന്നും ഓരോ മാസവും ലാഭവും ചേര്‍ത്ത് 20 ശതമാനം വീതം തിരിച്ചു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
2020 സെപ്തംബര്‍ 12 ന് സേലത്ത് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് കേരള പോലീസിന് കൈമാറി. 16-9-2020 ബുധനാഴ്ച രാവിലെയാണ് മലപ്പുറത്ത് എത്തിച്ചത്. ഉച്ചയോടെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് 10 മാസം കൊണ്ട് രണ്ട് ലക്ഷം ലഭിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ലഭിച്ച വിഹിതം കൂടുതല്‍ ലാഭത്തിനായി തിരിച്ചു നിക്ഷേപിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് കേരളത്തില്‍ നിന്നു തന്നെ തട്ടിപ്പിനിരയായത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം ആകെ അഞ്ഞൂറ് പേരില്‍ താഴെ പേര്‍ മാത്രമാണ് പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം, കോട്ടയ്ക്കല്‍ സ്‌റ്റേഷനുകളില്‍ രണ്ടു വീതവും പാലക്കാട് മൂന്നും കേസുകളിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഷംസിനാണ് അന്വേഷണ ചുമതല.
കോയമ്പത്തൂര്‍ , സുളൂര്‍, എടയാള്‍ പാളയം സ്വദേശിയാണ് ഗൗതം രമേശ്. ഇയാളെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞയുടനെ കോട്ടക്കല്‍ എസ്.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം സേലത്തേക്ക് പുറപ്പെട്ടു. എ.എസ്.ഐമാരായ ഷൈജു, സാജു, അഷ്‌റഫ്, എസ്.സിപിഒ ഗിരീഷ്, സിപിഒമാരായ മുഹമ്മദ്ഷാക്കിര്‍, ജസീര്‍, സൈദ് മുഹമ്മദ് എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയത പ്രതിയെ ഏഴ് ദിവസത്തേക്ക് പോലീസിന് വിട്ടു നല്‍കിയിരിക്കുകയാണ്.



