അടിമവേലയ്ക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു.

ന്യൂഡൽഹി: ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിലെ ലിവർ ആൻഡ് ബൈലിയറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11-09-2020, വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണമുണ്ടായത്.

ജാതി വിരുദ്ധ സമരം, സാമൂഹിക അടിച്ചമർത്തലിനെതിരെ സ്ത്രീകൾക്കും ആദിവാസികൾക്കും വേണ്ടിയുള്ള പ്രവർത്തനം മദ്യത്തിനെതിരെയുള്ള പ്രചരണം, തൊഴിലാളികൾക്കായുള്ള പ്രവർത്തനം, വിദ്യാഭ്യാസത്തിനും വേദപാരായണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം എന്നിവ അദ്ദേഹത്തിൻറെ സംഭാവനകളാണ്. ദളിതുകൾക്ക് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി.

1939 സെപ്റ്റംബർ 21 ആം തീയതി ആയിരുന്നു ജനനം. നിയമത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദധാരിയാണ്. കൽക്കട്ട സെന്റ് സേവിയേഴ്സ് കോളേജിൽ ബിസിനസ് മാനേജ്മെൻറ് അധ്യാപകനായിരുന്നു. 1968-ല്‍ ജോലി ഉപേക്ഷിച്ച് ഹരിയാനയിൽ എത്തി. ആര്യസമാജത്തിൽ ചേർന്നു. സന്യാസം സ്വീകരിച്ചു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. ഹരിയാന നിയമസഭ നിയമസഭാംഗമായിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയായും വർത്തിച്ചിട്ടുണ്ട്. ‘കർമ്മ എന്നതിന് കർമ്മകാണ്ഡം എന്ന് അർത്ഥമില്ല’ എന്നത് അദ്ദേഹത്തിൻറെ ഉദ്ധരണികളിൽ ഒന്നാണ്.

പുരി ജഗന്നാഥ ക്ഷേത്രം ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് അഗ്നിവേശ് കപട ആര്യസമാജകാരനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റ് ആണെന്നും വിമർശിക്കപ്പെട്ടു.1995-ൽ അദ്ദേഹത്തെ ആര്യസമാജത്തിൽ നിന്നും പുറത്താക്കി. വിമോചന ദൈവശാസ്ത്രത്തിൻറെ വക്താവ് എന്ന രീതിയിൽ അദ്ദേഹത്തെ മനസ്സിലാക്കാം.

Share
അഭിപ്രായം എഴുതാം