സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ

മോസ്‌കോ: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ അതിര്‍ത്തിൽ സമാധാനം പുന:സ്ഥാപിക്കാൻ ധാരണ. സംഘര്‍ഷം ലഘൂകരിക്കാനുള്ള സംയുക്ത പ്രസ്താവനയും ചർച്ചയ്ക്കൊടുവിൽ ഉണ്ടായി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഷാങ്ഹായ് സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തിയത്.

സംയുക്ത പ്രസ്താവനയിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ ഇവയാണ്. അതിര്‍ത്തിയില്‍ നിന്നും സേനാ പിൻമാറ്റം വേഗത്തിലാക്കും. രണ്ടു സേനകളും സുരക്ഷിതമായ അകലത്തിലേക്ക് പിൻമാറും. സൈനിക തലത്തിലും അല്ലാതെയും കൂടുതൽ ചർച്ചകൾ നടത്തും. അതിർത്തി സംഘർഷം ലഘൂകരിക്കാനുളള ഒരു ഉന്നത തല സംവിധാനം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഇപ്പോഴുണ്ട്. ഇത്തരം ചർച്ചകൾ കൂടുതൽ സജീവമാക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും നേരത്തേ എത്തിച്ചേർന്നിട്ടുള്ള സമാധാന ഉടമ്പടിയിൽ നിന്ന് ഇരു രാജ്യങ്ങളും പിന്നോട്ട് പോകില്ല , സമാധാനാന്തരീക്ഷം നിലനിർത്താനുള്ള ബാധ്യതകൾ ഇരു രാജ്യങ്ങൾക്കും ഉണ്ട് , സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ രണ്ടു പേരും സ്വീകരിക്കില്ല.

നിയന്ത്രണ രേഖയിലെ തൽസ്ഥിതി മാറ്റാനുള്ള ഒരു ശ്രമവും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചർച്ചയിൽ വ്യക്തമാക്കി.

തിങ്കളാഴ്ച്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചര്‍ച്ച നടന്നത്. ചര്‍ച്ച നിര്‍ണായകമാണെന്ന സൂചന തന്നെയാണ് ചൈനീസ് മാധ്യമങ്ങളും നല്‍കിയിരുന്നത്.

അവസാന അവസരമെന്നാണ് വ്യാഴാഴ്ച്ച മോസ്‌കോവില്‍ വെച്ച് നടന്ന ചര്‍ച്ചയെ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസും വിശേഷിപ്പിച്ചത്. എന്തായാലും വിദേശകാര്യ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ച സമാധാനം പുന:സ്ഥാപിക്കാനുള്ള നിർണായക ചുവടുവയ്പായി മാറി എന്നാണ് വിലയിരുത്തപ്പെടുന്നത് .

ഇരു സൈന്യങ്ങളും തമ്മിൽ 200 മീറ്റർ അകലം മാത്രമാണ് ചിലയിടങ്ങളിൽ ഇപ്പോൾ ഉള്ളത്. ഇത് സുരക്ഷിതമായ ഒരു അകലമല്ല. ഇത് ഉചിതമായ അകലമാക്കി മാറ്റുക എന്നതാകും അതിർത്തിയിൽ ആദ്യം ഉണ്ടാകാൻ പോകുന്ന നടപടി. ഇതിനായി സൈന്യത്തിൻ്റെ താഴെ തലത്തിലും ചർച്ചകൾ നടത്തും.

ചൈനീസ് മാധ്യമങ്ങളും സംയുക്ത സമാധാന പ്രസ്ഥാവന അതേപടി പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ട്.

Share
അഭിപ്രായം എഴുതാം