കൊല്ലത്ത് ഗാനമേളയ്ക്ക് ഇടെ വയോധികനെ കസേര കൊണ്ട് അടിച്ച് പല്ല് പൊഴിച്ച സംഭവം : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

കൊല്ലം ആശ്രമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന ഗാനമേളയ്‌ക്കിടെ വേദിയ്ക്ക് മുന്നിൽ ഡാൻസ് കളിച്ചതിന് ബാലചന്ദ്രൻ നായർ എന്ന വയോധികനെ കസേര കൊണ്ട് മുഖത്ത് അടിച്ച് പല്ല് കൊഴിച്ച സംഭവത്തിന്റെ ക്രൂരമായ ദൃശ്യങ്ങൾ സമൂഹത്ത് തെളിവുകളോടെ പ്രചരിച്ചിട്ടും സംഭവത്തിൽ കേസ് എടുക്കാത്ത പോലീസ് നടപടിയ്ക്ക് എതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി.

സ്വമേധയാ കേസ് എടുക്കുവാൻ മനപ്പൂർവ്വം പോലീസ് തയ്യാറാകുന്നില്ല

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് കമ്മീഷനിൽ പരാതി നൽകിയത്. അനാഥ വയോധികനാണ് ക്രൂര മർദ്ദനമേറ്റത്. അനാഥനായതുകൊണ്ടും പരാതി നൽകാൻ വയോധികൻ ഭയക്കുന്നതുകൊണ്ടും ഇതിന്റെ മറവിൽ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുവാനും സ്വമേധയാ കേസ് എടുക്കുവാനും മനപ്പൂർവ്വം പോലീസ് തയ്യാറാകുന്നില്ല. മർദ്ദന വീഡിയോ സമൂഹത്ത് വ്യാപകമായി പ്രചരിക്കുകയും വിഷയത്തിൽ പ്രാഥമിക തെളിവുകൾ പുറത്ത് വന്നിട്ടും പോലീസ് മൗനം പാലിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടി.

പോലീസ് നിലപാട് അധികാര ദുർവിനിയോഗം

പൊതു സ്ഥലത്ത് നടക്കുന്ന ഏതൊരു അക്രമ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും തെളിവുണ്ടെങ്കിൽ പരാതിക്കാരൻ ഭയം കൊണ്ട് പരാതി നൽകുവാൻ മടി കാണിച്ചാൽ സ്വമേധയാ പോലീസിന് തുടർ നടപടികൾക്ക് നിയമ തടസ്സമില്ലെന്നിരിക്കെ അനാഥ വയോധികനെ മർദ്ദിച്ച സംഭവത്തിലെ പോലീസ് നിലപാട് അധികാര ദുർവിനിയോഗമെന്നും സംഭവത്തിൽ ഇതുവരെ കേസ് എടുക്കാത്ത പോലീസ് നടപടിയിൽ കമ്മീഷന്റെ അടിയന്തിര ഇടപെടൽ ആവശ്യമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതി അഭിഭാഷകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പരാതിയായി ഫയൽ ചെയ്ത സാഹചര്യത്തിൽ സംഭവത്തിൽ മർദ്ദനമേറ്റ വ്യക്തിയെ കണ്ടെത്തി മൊഴി എടുക്കുവാൻ നീക്കം ആരംഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →