സിന്‍ജിയാങ്: ചൈനയില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി അന്‍പതാം വയസില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയയായതായി മുസ്ലിം അധ്യാപികയുടെ വെളിപ്പെടുത്തല്‍. സിന്‍ജിയാങ് ഉയ്ഗര്‍ തടങ്കല്‍പ്പാളയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്ന കെല്‍ബിനൂര്‍ സിദിക് ആണ് തന്റെ അനുഭവം വിവരിച്ചത്. 19നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ജനന നിയന്ത്രണ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ വന്ധ്യംകരണത്തിന് വിധേയമാകുകയോ വേണമെന്നാണ് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
2017ല്‍ സിദിക്ക് 47 വയസാണ് പ്രായം. ഏക മകള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു. ഈ സമയത്താണ് മറ്റൊരു ഗര്‍ഭാവസ്ഥയുടെ സാധ്യത തടയാന്‍ ഐയുഡി ഉപയോഗിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം, 50 വയസ്സുള്ളപ്പോള്‍, നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയയാക്കി. പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ തടങ്കല്‍പ്പാളയത്തിലെ ആളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ക്ലാസ് നല്‍കുന്ന ജോലിയാണ് ഈ ചൈനീസ് ഭാഷാ അധ്യാപിക ചെയ്തിരുന്നത്. സര്‍ക്കാരിനെ എതിര്‍ത്ത മുസ്ലീങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയാമെന്നും സിദിക് പറഞ്ഞു. പ്രാദേശിക അധികാരികളില്‍ നിന്ന് ലഭിച്ച
വാചക സന്ദേശം പങ്ക് വച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആ സന്ദേശം ഇങ്ങനെയാണ്.
”എന്തെങ്കിലും സംഭവിച്ചാല്‍, ആരാണ് നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക? നിങ്ങള്‍ ജീവിതം വച്ച് ചൂതാടരുത്, അതിനായി ശ്രമിക്കരുത്. ഇതിന്റെ പരിണിത ഫലം നിങ്ങളെ മാത്രമല്ല ബാധിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളെയും, ചുറ്റുമുള്ള ബന്ധുക്കളെയും കുറിച്ച് നിങ്ങള്‍ ചിന്തിക്കണം, നിങ്ങള്‍ ഞങ്ങളോട് യുദ്ധം ചെയ്യുകയും ഞങ്ങളുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍, നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി മെറ്റല്‍ കസേരയില്‍ ഇരിക്കും!
ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട് താന്‍ ആശുപത്രിയില്‍ പോയ ദിവസം എവിടയെും ഇതര മതസ്ഥരായ സ്ത്രീകളെ കണ്ടില്ല. ഇതിനായി എത്തിയതെല്ലാം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളായിരുന്നു. കൂടാതെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഉയ്ഗുര്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളായ ഹോതാന്‍, കശ്ഗാര്‍ എന്നിവിടങ്ങളില്‍, 2015നും 2018നും ഇടയില്‍ ജനന നിരക്ക് 60 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ രാജ്യത്തെ മൊത്തം ജനനം നിരക്കിലെ കുറവ് 4.2 ശതമാനം മാത്രമാണ്. അധികം കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പ് പറഞ്ഞാല്‍ പോലും സ്ത്രീകള്‍ ജനനനിയന്ത്രണ ഉപാധികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഐയുഡി ഉപയോഗിക്കുന്നത് കനത്ത രക്തസ്രാവത്തിന് കാരണമാവുന്നുണ്ട്. തുടര്‍ന്ന് താന്‍ നിയമവിരുദ്ധമായി നീക്കംചെയ്യാന്‍ പണം നല്‍കി. എന്നാല്‍ പിന്നീട് 2018ല്‍ ഒരു പതിവ് പരിശോധനയില്‍ ഐയുഡി നീക്കം ചെയ്തത് അവര്‍ കണ്ടെത്തി. വീണ്ടും അത് ഉപയോഗിക്കേണ്ടി വന്നു. ഒരു വര്‍ഷത്തിനുശേഷം വന്ധ്യംകരണം നടത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
2017 ല്‍, സ്‌കൂളിലെ ഔദ്യോഗിക ജോലിക്കാരനായതുകൊണ്ടാണ് ഐയുഡി അല്ലെങ്കില്‍ വന്ധ്യംകരണം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അവര്‍ അവസരം നല്‍കിയത്. എന്നാല്‍ 2019 ല്‍ 18 വയസ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള ഓരോ സ്ത്രീയും വന്ധ്യംകരണം നടത്തണമെന്ന് സര്‍ക്കാരില്‍ നിന്ന് ഉത്തരവുണ്ടെന്ന് പറയുകയായിരുന്നു- സിദ്ദിക് കൂട്ടിച്ചേര്‍ത്തു. പ്രായവും ഐയുഡികളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ല. അതേസമയം, ഡച്ച് ഉയ്ഗര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷനോട് സിദ്ദിക് പറഞ്ഞ ജീവത കഥ ശരിയാണോയെന്ന് പരിശോധിക്കാന്‍ പ്രയാസമാണ്. കാരണം തടങ്കല്‍ പാളയത്തില്‍ ഫോട്ടോയെടുക്കാന്‍ പ്രയാസമാണ്, കൂടാതെ ഡോക്യുമെന്റേഷനും ഇല്ല. എന്നാല്‍ അവര്‍ പറഞ്ഞ വിശദാംശങ്ങള്‍ മറ്റ് ക്യാമ്പ് തടവുകാരുടെ കഥകളോടും ജനന നിയന്ത്രണം സംബന്ധിച്ച് നടത്തിയ പഠനങ്ങളോടും സാമ്യം പുലര്‍ത്തുന്നതാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.