കൊടുങ്ങല്ലൂരില്‍ വന്‍ കവർച്ച; മൂന്നര കിലോ സ്വർണം കവർന്നു. തെളിവു നശിപ്പിക്കാന്‍ മുളകുപൊടി വിതറി.

കൊടുങ്ങല്ലൂർ: കൈപ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുറന്ന് മൂന്നു കിലോ സ്വർണം കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്താണ് ഗോൾഡ് ഹാർട്ട് ജ്വല്ലറി പ്രവർത്തിക്കുന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാൻ എത്തിയ ഉടമ സലിം ആണ് വിവരം പോലീസിനെ അറിയിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഉടമസ്ഥൻ ജ്വല്ലറി പൂട്ടി പോയത്.

മോഷണത്തിനുശേഷം തെളിവു നശിപ്പിക്കാനായി ജ്വല്ലറിയിൽ മുഴുവൻ മുളകുപൊടിവിതറിയിരുന്നു. ഭിത്തി രണ്ട് അടിയോളം വലിപ്പത്തിലാണ് പൊളിച്ചിട്ടുള്ളത്. ജ്വല്ലറിയുടെ വലതുവശത്തെ പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച ഭാഗത്താണ് ഭിത്തി തുറന്നിരിക്കുന്നത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Share
അഭിപ്രായം എഴുതാം