റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും, ക്ഷേത്രഭൂമിയില്‍ പൂജ നടക്കണം, മോദിക്ക് രാമചരിതമാനസം സമര്‍പ്പിക്കും, ക്ഷേത്രം വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും: ഇഖ്ബാല്‍ അന്‍സാരി

August 4, 2020 - 5:12 pm

ലഖ്‌നോ: ബുധനാഴ്ച അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് ഇഖ്ബാല്‍ അന്‍സാരി. ബാബരി മസ്ജിദ് അവകാശത്തിനായി സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. 2016ലാണ് ഹാഷിം അന്‍സാരി മരിച്ചത്. മരിക്കുമ്പോള്‍ ഹാഷിം അന്‍സാരിക്ക് 95 വയസായിരുന്നു. അതിനുശേഷം കേസുമായി മുന്നോട്ടുപോയത് ഇഖ്ബാല്‍ അന്‍സാരിയാണ്.

ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി സുദൃഢമായിരുന്നു. തനിക്ക് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഞാന്‍ അതില്‍ പങ്കെടുക്കും. അയോധ്യയില്‍ ഈ ചടങ്ങ് നടക്കുമ്പോള്‍ തന്നെ വിളിച്ചാല്‍ പോകുമെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. കോടതിവിധിയോടെ തര്‍ക്കം തീര്‍ന്നിരിക്കുന്നു. പ്രധാനമന്ത്രി ചടങ്ങിന് എത്തുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന് രാമചരിതമാനസം നല്‍കും. അയോധ്യ പുണ്യനഗരമാണ്. ജനങ്ങള്‍ അവിടെയെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ്. അവരുടെ പ്രാര്‍ഥനകള്‍ ഫലിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. ഞാനും എന്റെ പിതാവും പോരാടിയത് ഭൂമിക്കുവേണ്ടിയാണ്. അല്ലാതെ ജനങ്ങളുടെ വിശ്വാസത്തിന് എതിരേ ആയിരുന്നില്ല. ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചും അതിനുശേഷം നടന്ന കലാപത്തെക്കുറിച്ചും സംസാരിക്കാന്‍ തനിക്കു താല്‍പര്യമില്ല.

അതൊക്കെ കഴിഞ്ഞ കാലത്തു നടന്ന സംഭവങ്ങളല്ലേ. അതൊക്കെ ചികഞ്ഞെടുത്ത് മുറിവുകള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചിരുന്നെങ്കില്‍ എന്തുചെയ്യാനായിരുന്നു ആഗ്രഹമെന്ന ചോദ്യത്തിന് സ്‌കൂളും ആശുപത്രിയും നിര്‍മിക്കുമായിരുന്നുവെന്നായിരുന്നു മറുപടി. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് അയോധ്യ. ക്ഷേത്രം നിര്‍മിക്കുന്നതോടെ അയോധ്യയുടെ മുഖച്ഛായതന്നെ മാറും. കൂടുതല്‍ സുന്ദരമാകും. ക്ഷേത്രഭൂമിയില്‍ പൂജ നടക്കണം. ഭാവിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് തീര്‍ത്ഥാടകരെത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഈ ലോകം നിലനില്‍ക്കുന്നതുതന്നെ പ്രതീക്ഷയിലാണ്. ദേവന്മാരുടെയും ദേവിമാരുടെയും സന്ന്യാസിമാരുടെയും നാടാണ് അയോധ്യ. അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അന്‍സാരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *