തിരുവന്തപുരം: സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോടുളള രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍.
- 50 മാസമായി പ്രിന്‍സിപ്പല്‍ സെക്രറിയായി നിഴല്‍പോലെ കൂടെയുണ്ടായിരുന്നിട്ടും എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഉറ്റബന്ധമുണ്ടെന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ, അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?
- സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും അറിയുന്നില്ലേ ?
- ഒരു മന്ത്രി വിദേശകോണ്‍സുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നത് അറിഞ്ഞില്ലേ ?
- ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കോടികളുടെ കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകളും സ്പ്രിംഗ്ലര്‍ കരാര്‍ പോലുളള അന്താരാഷ്ട്ര ഇടപാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും എന്തിനാണ് അവയെ ന്യായീകരിച്ചത്.
- കണ്‍സല്‍ട്ടന്‍സി തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും ഉള്‍പ്പടെയുളള അഴിമതികള്‍ സിബിഐ അന്വേഷിക്കുന്നതിനെ ഭയക്കുന്നതെന്തിന് ?
- വിദേശ കോണ്‍സുലേറ്റ് മറയാക്കി മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ സ്വര്‍ണ്ണകടത്ത് നടത്തിയിട്ടും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോ അതോ അവരുടെ വായ് മൂടികെട്ടിയതോ ?
- കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുന്നുവെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നോ ?
- വിദേശ കുത്തകകള്‍ക്ക് ലക്കും ലഗാനുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതുള്‍പ്പടെ സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ സിപിഎംന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വ്യതിചലിച്ചതിനെപ്പറ്റി സെക്രട്ടറി സീതാറാം യച്ചൂരിക്ക് നല്‍കിയ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയെ തടഞ്ഞതെന്തിന് ?
- രാജ്യദ്രോഹകുറ്റംവരെ ആരോപിക്കപ്പെടുന്ന സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അത്യപൂര്‍വ്വ സാഹചര്യം ഉണ്ടായിട്ടും ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം ചേരുന്നത് തടസ്സപ്പെടുത്തുന്നതെന്തിന് ?
- ഉറക്കമിളച്ചിരുന്ന് പഠിച്ച് പി എസ് സി റാങ്ക്ലിസ്റ്റില്‍ ഇടം നേടിയവരെ വിഢികളാക്കിപിന്‍വാതിലിലൂടെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഉദ്യോഗങ്ങള്‍ തട്ടിയെടുത്തിട്ടും അന്വേഷിക്കാന്‍ തയ്യാറാവാത്തതെന്തുകൊണ്ട് ?

