റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് ജയിലിലായ പതിനഞ്ചുകാരി മോചിതയായി

August 1, 2020 - 3:20 pm

അമേരിക്ക: സ്‌കൂളിലെ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് ജയിലിലായ പതിനഞ്ചുകാരിയെ മോചിപ്പിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടിയെ ഡിട്രോയിറ്റിലെ ജൂവനൈല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം അമ്മയോട് തര്‍ക്കിച്ചതിനും സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും ഈ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ നിരീക്ഷണ കാലഘട്ടത്തില്‍ കോടതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായിരുന്നു യഥാസമയത്ത് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കുക എന്നത്. ഈ നിര്‍ദ്ദേശം പെണ്‍കുട്ടി പാലിക്കാത്തതാണ് തടവ് ശിക്ഷ വിധിക്കാന്‍ കാരണമായത്. എന്നാല്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സ്വഭാവം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയപ്പോഴാണ് ഹോം വര്‍ക്ക് കൃത്യമായി ചെയ്യാതെ ഇരുന്നതെന്ന് അവരുടെ മാതാവ് വ്യക്തമാക്കുന്നു. അവരുടെ ഈ വാദം പരിഗണിക്കാതെയാണ് കോടതി പെണ്‍കുട്ടിയെ ജയിലിലേക്ക് അയച്ചത്.
കുട്ടിയുടെ സ്വഭാവത്തിലെ പ്രത്യേകത മനസിലായ ശേഷം അതിന് വേണ്ടിയുള്ള കൗണ്‍സിലിംഗ് പുരോഗമിക്കുന്നതിന് ഇടയിലാണ് കോടതിയുടെ തീരുമാനമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ വിശദമാക്കുന്നത്. കറുത്ത വര്‍ഗക്കാരിയായതിനാലാണ് കോടതി ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.

ഓക്ലന്‍ഡ് കൗണ്ടി കോടതി ജഡ്ജായ മേരി എലന്‍ ബ്രണ്ണന്റെതായിരുന്നു വിധി. കഴിഞ്ഞ വര്‍ഷത്തെ കേസ് പരിഗണിക്കുന്നതിനിടെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കരുതെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിരീക്ഷണഘട്ടമാണെന്ന് വിശദമാക്കി വീട്ടിലേക്ക് അയച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കുന്നില്ലെന്ന് കോടതിയെ പെണ്‍കുട്ടിയുടെ അധ്യാപികയാണ് അറിയിച്ചത്. ഇതോടെയാണ് മേരി എലന്‍ ബ്രണ്ണന്‍ തടവ് ശിക്ഷ വിധിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പെണ്‍കുട്ടി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ലെന്നും ഇത് നിരീക്ഷണ ഘട്ടത്തിലെ നിബന്ധനകളുടെ ലംഘനമാണെന്നും കോടതി വിശദമാക്കി.

ഇതൊരു ശിക്ഷയല്ലെന്നും കുട്ടിക്ക് മികച്ച ചികിത്സയും മറ്റ് അവസരങ്ങളുമുണ്ടാവുന്നതിനായുള്ള നടപടിയായി കണ്ടാല്‍ മതിയെന്നുമാണ് കോടതി തീരുമാനത്തെക്കുറിച്ച് വിശദമാക്കുന്നത്.
തനിക്ക് മാറാന്‍ ആഗ്രഹമുണ്ടെന്നും അമ്മ തന്നെ എത്രയധികം സ്‌നേഹിക്കുന്നുവെന്നത് തിരിച്ചറിയുന്നുവെന്നും അമ്മയുടെ സ്‌നേഹത്തെ ദുരുപയോഗിച്ചുവെന്നും അമ്മയെ കാണണം എന്നും ആവശ്യപ്പെട്ട് മകള്‍ എഴുതിയ കത്തും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നടന്ന സിറ്റിങ്ങിന്റെ ഭാഗമായാണ് പെണ്‍കുട്ടി ജയില്‍ മോചിതയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *