റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മത്സ്യവിത്ത് നിക്ഷേപം: മലപ്പുറം ജില്ലയില്‍ 12.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

July 31, 2020 - 3:24 pm

മലപ്പുറം: ‘സുഭിക്ഷ കേരള’ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പ്രാദേശിക തലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനുമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.

ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണവും ലഭ്യതയും ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണ്  ഈ പദ്ധതി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ മുഖ്യാതിഥിയായി.

പദ്ധതിയില്‍ ജില്ലയില്‍ അഞ്ചിടങ്ങളിലായി 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിക്ഷേപിച്ചത്. തിരുനാവായയില്‍ നിന്ന് ഭാരതപ്പുഴയിലും, ചാലിയാര്‍ പുഴയില്‍ എടവണ്ണ, പോത്തുകല്ല് ഭാഗങ്ങളില്‍ നിന്നും മലപ്പുറം, പറപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് കടലുണ്ടിപ്പുഴയിലുമാണ്  ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മലപ്പുറം നൂറാടിത്തോടില്‍ പി. ഉബൈദുള്ള എം.എല്‍.എയും എടവണ്ണ കുണ്ടുതോട് കടവില്‍ പി.കെ. ബഷീര്‍ എം.എല്‍.എയും മല്‍സ്യവിത്ത് നിക്ഷേപം നടത്തി. സംസ്ഥാന തലത്തില്‍ വിവിധയിനത്തിലുള്ള നാലു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും പ്രതിസന്ധികള്‍ ഇല്ലാതെ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് വിവിധ മേഖലകളെ സംയോജിപ്പിച്ച് 3,860 കോടി രൂപയുടെ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധനത്തിനു 2,078 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ഉള്‍നാടന്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി ഫിഷറീസ് വകുപ്പ് സാങ്കേതിക സമിതിയായ ഫിഷറീസ് മാനേജ്‌മെന്റിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6583/Fish-seed.html

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *