ഇടുക്കി: 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും കലിപ്പിലാണ്. ഇത്തവണ അവര്‍ കാലംതെറ്റി പൂത്തു. പുഷ്പക്കണ്ടം- അണക്കരമേട് മലനിരകളിലാണ് കുറിഞ്ഞി പൂത്തത്. പുഷ്പകണ്ടത്തും അതിര്‍ത്തി മേഖലകളിലും അണക്കരമേട്ടിലുമെല്ലാം നീലക്കുറിഞ്ഞി പൂത്ത് പരിമളം പരത്തി നില്‍ക്കുകയാണ്. മൂന്നാര്‍- രാജമല മലനിരകളിലെ കുറിഞ്ഞി വസന്തം കാണാന്‍ സഞ്ചാരികള്‍ ഒഴുക്കാണ് സാധാരണ ഉണ്ടാവാറുള്ളത്. ഇത്തവണ കോവിഡ് കാലത്താണ് കുറിഞ്ഞികള്‍ പൂത്തത്. രണ്ട് പ്രളയവും കൊറോണയും ചേര്‍ന്ന് ടൂറിസം രംഗം ആകെ മുരടിപ്പിലായിരുന്നു. ഇതിനൊരു മാറ്റമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണെങ്കിലും വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുറിഞ്ഞികള്‍ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ പ്രതീക്ഷയാകുകയാണ്.
12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി കൂട്ടത്തോടെ പൂത്തത്. 2018 മെയ് മാസത്തില്‍ നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴക്കൂടുതല്‍ മൂലം സെപ്റ്റംബര്‍ മാസത്തേക്ക് നീണ്ടു. മഴയില്ലാത്ത കാലാവസ്ഥ ആണെങ്കില്‍ പൂവിട്ടു മൂന്നുമാസം വരെ കുറിഞ്ഞിപ്പൂക്കള്‍ നിലനില്‍ക്കും. ഏറ്റവും കൂടുതല്‍ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതല്‍ മൂലം സെപ്റ്റംബര്‍ ആദ്യവാരത്തിനുശേഷമാണ് തുറന്നുനല്‍കിയത്.
ഒറ്റയ്ക്കു കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണില്‍ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തുനില്‍ക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. പൂത്ത് 10 മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പുഷ്പ്പിച്ചുകഴിഞ്ഞ് അല്‍പനാളുകള്‍ക്കുശേഷം ഇവയില്‍നിന്ന് മുതുവാന്മാര്‍ തേന്‍ ശേഖരിക്കാറുണ്ട്. ആദിവാസി വര്‍ഗമായ തോടര്‍ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മുമ്പ്.



