തിരുവനന്തപുരം: മൂന്നുമാസങ്ങൾക്ക് അപ്പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐക്യ ജനാധിപത്യ മുന്നണിയിലെ മൂന്നാം കക്ഷിയായ കേരളകോൺഗ്രസിന്റെ പ്രബല വിഭാഗമായ ജോസ് കെ മാണി വിഭാഗം പുറത്തു പോയതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സംഭവവികാസങ്ങൾ.
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി കിട്ടില്ല എന്ന് വിശദീകരിച്ചു കൊണ്ട് യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയതിനു പിന്നാലെ തങ്ങളെ പുറത്താക്കിയത് തന്നെ ആണ് എന്ന ആദ്യ അഭിപ്രായം ജോസ് കെ മാണി ആവർത്തിച്ചു. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസ് യുഡിഎഫിൽ ഉണ്ട്. യുഡിഎഫ് രൂപീകരിക്കുന്നതിനും അതും നിർണായകമായ പങ്ക് കരുണാകരനൊപ്പം കെ എം മാണിയും വഹിച്ചിട്ടുണ്ട്. ആ വിഭാഗത്തെ പുറത്താക്കി എന്ന് ജോസ് കെ മാണി ആവർത്തിക്കുതിനു പിന്നിൽ സ്വന്തം പാർട്ടിക്ക് വെളിയിൽ യുഡിഎഫിൽ ഉള്ള സാധാരണക്കാരുടെ അനുഭാവം നേടുക എന്നതും ലക്ഷ്യമാണ്. മാത്രമല്ല യുഡിഎഫുമായി അകലം സൂക്ഷിച്ചുകൊണ്ട് ചുരുങ്ങിയപക്ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് വരെ എങ്കിലും പോകുവാൻ ആഗ്രഹിക്കുന്നു എന്നും വ്യക്തമാവുകയാണ്. ബജറ്റ് കോഴവിവാദത്തിൽ ഏറ്റവും ശക്തമായി കെ എം മാണിയെ ആക്രമിച്ചിരുന്നു സിപിഎം ഇപ്പോഴും നിലപാടിൽ മയപ്പെടുത്തൽ വരുത്തിയിട്ടുണ്ട്.
ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അതിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലെ പ്രധാനപാർട്ടി ആണ് എന്നും ജനപിന്തുണയുള്ള ആ പാർട്ടി മുന്നണി വിട്ടതോടെ യുഡിഎഫിന്റെ പിന്തുണ വളരെ കുറഞ്ഞിരിക്കുന്നു എന്നും പറഞ്ഞു വച്ചു.
യുഡിഎഫിനെ തകർക്കുകയാണ് തങ്ങളുടെ ദീർഘകാല ലക്ഷ്യം എന്ന് എൽഡിഎഫ് കൺവീനർ വിജയരാഘവൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സിപിഐയുടെ എതിർപ്പ് ശക്തമായി തുടരുകയാണ്. കേരള കോൺഗ്രസിൻറെ ഇടതുമുന്നണി പ്രവേശത്തിന് തടയിട്ടു നിൽക്കുന്നത് സിപിഐ ആണ്. ബിജെപിയും എൻഡിഎയും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ തങ്ങളോട് അടുപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. കേരള കോൺഗ്രസിന് ഉള്ള ക്രൈസ്തവ വിഭാഗങ്ങളിലെ സ്വാധീനമാണ് ഇതിനുപിന്നിൽ. ബിജെപിക്കോ എൻഡിഎ കക്ഷികൾക്കോ ഇപ്പോൾ കഴിയാത്ത സ്വാധീനം കേരള കോൺഗ്രസിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നുണ്ട്. ബിജെപി മുന്നണിയുടെ വാതിലുകൾ മാണി വിഭാഗത്തിന് തുറന്നിട്ടിരിക്കുകയാണ്. ഇരുമുന്നണികൾക്കും ഇടയിൽ അവഗണിക്കപ്പെട്ടാലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുമായി ചേർന്ന് പോരാടുവാൻ അവസരമുണ്ട്. മുന്നണി വിട്ടത് കൊണ്ട് വഴിയാധാരം ആവുകയില്ല എന്ന ജോസ് കെ മാണി വിശദീകരിക്കുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കനത്ത തിരിച്ചടി ഏറ്റുവാങ്ങി. ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫ് നിയന്ത്രണത്തിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാകണമെങ്കിൽ എങ്കിൽ യുഡിഎഫ് വരുന്ന മാണി വിഭാഗത്തെ സ്വീകരിക്കുകയോ ധാരണയുണ്ടാക്കുക ചെയ്യണമെന്ന ചിന്ത സിപിഎം നേതൃത്വത്തിന് ഉണ്ട്.
ഇടതുമുന്നണിയിൽ രണ്ട് സുപ്രധാന സംഭവവികാസങ്ങൾ ഉണ്ട്. പാലായിലെ ഇപ്പോഴത്തെ എംഎൽഎ മാണി സി കാപ്പൻ നിലപാട് മാറ്റം ആണ് ഒന്ന്. പാല സീറ്റ് എൻസിപിയുടെ അക്കൗണ്ടിൽ നിലനിർത്തിക്കൊണ്ടുള്ള ഏത് തീരുമാനത്തിനും മാണി സി കാപ്പൻ പിന്തുണ അറിയിച്ചിരിക്കുകയാണ്. അങ്ങനെ എങ്കിൽ ജോസ് കെ മാണിയെ ഇടതുമുന്നണിയിലേക്ക് വരുന്നതിനെ എൻ സി പി ഐ സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. എന്നാൽ സിപിഐ നിലപാട് കൂടുതൽ വ്യക്തമാക്കിയിരിക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീ കാനം രാജേന്ദ്രൻ പറയുന്നത് കേരള കോൺഗ്രസിന് കത്തോലിക്കാ വിഭാഗത്തിലെ കുത്തക പിന്തുണ ഒന്നുമില്ല എന്നാണ്. കത്തോലിക്കാ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിന് ഗണ്യമായ സ്വാധീനം ഉണ്ട്. മധ്യതിരുവിതാംകൂറിൽ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കും. ഇതാണ് കാനം രാജേന്ദ്രൻ പറയുന്ന അഭിപ്രായം. ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുക്കുന്നതിനെ എതിർക്കുമെന്ന് നിലപാടുതന്നെയാണ് പാർട്ടി തുടരുന്നത്.
ജോസ് കെ മാണി വിഭാഗത്തിന് പിന്തുണയില്ലാതെ തന്നെ കേരളത്തിൽ ഇടതു ഭരണ തുടർച്ച ഉണ്ടാവും. ആ സാധ്യത ഇല്ലാതാക്കാതിരുന്നാൽ മാത്രം മതി. ശ്രീ കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
യുഡിഎഫുമായി അകന്നുനിന്നു വിലപേശുവാനാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആലോചിക്കുന്നത്. മൂന്ന് മുന്നണികളുമായും പുലർത്തുന്ന ഈ സമദൂര നിലപാട് ഒരു രാഷ്ട്രീയ സസ്പെൻസ് കേരളത്തിന് സമ്മാനിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ മുസ്ലിം പക്ഷ രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധം ഉറപ്പിച്ചുകൊണ്ട് കൂടുതൽ ശക്തമായ അടിത്തറ ഉണ്ടാക്കുവാൻ യുഡിഎഫിലും നീക്കങ്ങൾ ഉണ്ട്. മുസ്ലിം ലീഗ് ആണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്. വെൽഫെയർ പാർട്ടിയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ധാരണ ഉണ്ടാകും വ്യക്തമായിരിക്കുകയാണ്. എന്നാൽ സമസ്ത ഇ കെ സുന്നി വിഭാഗം ഇതിനെ എതിർക്കുകയാണ്. ലീഗ് കൂടുതൽ യാഥാസ്ഥിതിക വിഭാഗങ്ങളെ അടുപ്പിക്കുവാൻ ശ്രമിക്കുമ്പോൾ മുസ്ലിം സമുദായത്തിൽ അവരെക്കാൾ നിർണായകമായ മിതവാദി വിഭാഗങ്ങൾ അകന്ന് പോകാനുള്ള സാധ്യത ഇതോടെ ഉടലെടുക്കുകയാണ്.



