റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകള്‍ പുന:ക്രമീകരിക്കുന്നു

June 25, 2020 - 6:29 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍  വി. ഭാസ്‌കരന്‍ അറിയിച്ചു.  

സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകള്‍ക്കായി 29,210 ഉം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്കായി 5,213 ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്.  തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നിലവിലെ പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് അവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ തരം, വിസ്തീര്‍ണ്ണം, സ്ഥല സൗകര്യം, വോട്ടര്‍മാര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിശോധിക്കും.  കുടിവെള്ളം, വൈദ്യുതി, ഫര്‍ണിച്ചര്‍, ടോയ്‌ലറ്റ്‌‌ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധനാ റിപ്പോര്‍ട്ട് ജൂണ്‍ 29 ന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കും.  പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയോ നിലവിലെ പോളിംഗ് സ്റ്റേഷനുകള്‍ മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കണം പോളിംഗ് സ്റ്റേഷനുകളില്‍ മാറ്റം വരുത്തേണ്ടത്. പഞ്ചായത്തിന്റെ പോളിംഗ് സ്റ്റേഷനുകളില്‍ പരാമാവധി 1200 വോട്ടര്‍മാരെയും മുനിസിപ്പാലിറ്റി പോളിംഗ് സ്റ്റേഷനുകളില്‍ 1500 വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പുന:ക്രമീകരണം വരുത്തുന്നത്. 

നിലവിലെ ഏതെങ്കിലും പോളിംഗ് സ്റ്റേഷന്‍ പൊളിഞ്ഞു പോകുകയോ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ 500 മീറ്റര്‍ ചുറ്റളവില്‍ പുതിയ പോളിംഗ് സ്റ്റേഷന്‍ കണ്ടെത്തുന്നതിനും നിര്‍ദ്ദേശം നല്‍കി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ പുന:ക്രമീകരണം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5594/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *