റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈയക്ഷര പരിശോധന വൈകുന്നതില്‍ ദുരൂഹത, അഞ്ജു പി ഷാജിയുടെ കേസന്വേഷണം ഇഴയുന്നുവോ?

June 11, 2020 - 9:21 am

കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ ബികോം വിദ്യാര്‍ഥിനി പൊടിമറ്റം പൂവത്തോട് അഞ്ജു പി ഷാജി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യചെയ്ത കേസും അതിലേക്ക് ആ കുട്ടിയെ പ്രേരിപ്പിച്ച ഘടകവും കോളേജ് അധികൃതരും പൊലീസും കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. കോപ്പിയടിച്ചതായി കണ്ടെത്തിയാല്‍ രേഖകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയ്ക്കു നല്‍കേണ്ടതിനുപകരം കോളേജ് അധികൃതര്‍ പൊലീസിനു നല്‍കിയതും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണ്. പൊലീസ് ചോദിച്ചപ്പോള്‍ കൊടുത്തെന്നു പറയുന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. ഇതിന് സര്‍വകലാശാലയുടെ അനുവാദം വേണം. സിന്‍ഡിക്കേറ്റ് ഉപസമിതി വിശദമായ പരിശോധന നടത്തിയാണ് ഡീബാര്‍ അടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുക. ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് അധികൃതര്‍ ഈ നടപടിക്രമങ്ങളൊന്നും പാലിച്ചതായി കാണുന്നില്ല.

Read More…കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍

കോളേജ് അധികൃതര്‍ കൃത്രിമം നടത്തിയെന്നും മകളുടെ കൈയക്ഷരമല്ല അഡ്മിഷന്‍ ടിക്കറ്റിലുള്ളതെന്നും പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കോളേജിനെതിരേയും ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരേയും കേസെടുക്കണം. കോളേജ് പ്രിന്‍സിപ്പാളാണ് തന്റെ കുട്ടിയെ കൊന്നത്. അവള്‍ കോപ്പിയടിക്കില്ല. കോപ്പിയടിക്കാതെതന്നെ നല്ല മാര്‍ക്കില്‍ ജയിക്കാനുള്ള ബുദ്ധിയും വിവേകവും അവള്‍ക്കുണ്ട്. അഥവാ തന്റെ കുട്ടി അങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മറ്റ് കുട്ടികള്‍ക്കുമുമ്പില്‍ ഇന്‍സള്‍ട്ട് ചെയ്യാതെ എന്നെ അറിയിച്ചിരുന്നെങ്കില്‍ ഞാന്‍ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോന്നേനെയെന്നും ഷാജി പറഞ്ഞു. അഞ്ജുവിന്റെ കൈയില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് പിടിച്ചുപറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നും ആദ്യം പറഞ്ഞ സഹപാഠിയെ സ്വാധീനിച്ച് കോളേജ് അധികൃതര്‍ മാറ്റി പറയിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കോപ്പിയടി പിടികൂടിയാല്‍ അധ്യാപകര്‍ സര്‍വകലാശാല നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത് ഇവിടെ പാലിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്.

പൊന്‍കുന്നം ഗവ. സ്‌കൂളിലായിരുന്നു അഞ്ജുവിന്റെ ഹൈസ്‌കൂള്‍ പഠനം. പത്താംക്ലാസില്‍ നാല് വിഷയത്തിന് എപ്ലസ് വാങ്ങിയിരുന്നു. പ്ലസ്2 വിന് സയന്‍സ് ബാച്ചിലാണ് പ്രവേശനം കിട്ടയത്. ബാങ്കില്‍ ജോലി നേടണമെന്ന ആഗ്രഹത്തിലാണ് ഡിഗ്രിക്ക് കൊമേഴ്‌സ് എടുത്തത്. അഞ്ജു എല്ലാ ക്ലാസിലും നല്ല നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥിയാണ്. ആ മികവ് ബികോമിനും പുലര്‍ത്തിയിരുന്നതായി സഹപാഠികളും അധ്യാപകരും സമ്മതിക്കുന്നു. കാഞ്ഞിരപ്പിള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം ടാക്‌സേഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഞ്ജുവിനായിരുന്നു. ആദ്യ രണ്ട് സെമസ്റ്ററിലും എല്ലാ പേപ്പറുകളും പാസായിട്ടുണ്ട്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കുണ്ട്.

ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജിലായിരുന്നു അഞ്ജുവിന്റെ പരീക്ഷാകേന്ദ്രം. കഴിഞ്ഞ പരീക്ഷകള്‍ക്കെല്ലാം സ്വയം പോയിവരുകയായിരുന്നു. ശനിയാഴ്ചയും അഞ്ജു തനിയെയാണ് പോയത്. പരീക്ഷയില്‍ അഞ്ജു കോപ്പി യടിച്ചെന്നുപറഞ്ഞ് പരീക്ഷാഹാളില്‍നിന്നു പുറത്താക്കി. അഞ്ജുവിന്റെ ചോദ്യക്കടലാസും ഉത്തരക്കടലാസും അഡ്മിഷന്‍ ടിക്കറ്റും പിടിച്ചുവാങ്ങി കൊണ്ടുപോയിരുന്നു. പരീക്ഷകഴിഞ്ഞ് പ്രിന്‍സിപ്പലിനെ ചെന്നുകാണാന്‍ അഞ്ജുവിനെ അറിയിച്ചെങ്കിലും പോയില്ല.

സാധാരണ ആറുമണിയോടെ വീട്ടിലെത്താറുള്ള അഞ്ജു എത്തിയില്ല. ഇതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. മീനച്ചിലാറിനു കുറുകെയുള്ള പാലത്തിനരികില്‍ അഞ്ജുവിന്റെ ബാഗും ചെരിപ്പും കണ്ടതോടെ ഏവര്‍ക്കും സംശയമായി. കനത്ത വിഷാദഭാരത്തോടെയാണ് അഞ്ജു വീട്ടിലേക്ക് പോയതെന്ന് കൂട്ടുകാര്‍ പറഞ്ഞു. റോഡരികിലെ ബേക്കറിയിലെ സിസിടിവിയില്‍ അഞ്ജു നടന്നുപോകുന്നതു കാണാം. പേടിച്ചു വിളറിയാണ് നടന്നുപോകുന്നത്. തിങ്കളാഴ്ചയാണ് അഞ്ജുവിന്റെ മൃതദേഹം കിട്ടിയത്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി.

കോളേജ് അധികൃതരുടെ മാനസികപീഡനം മൂലമാണ് അഞ്ജു ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഷാജി ആരോപിച്ചു. അഡ്മിഷന്‍ ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതല്ലെന്ന് ഷാജി തറപ്പിച്ചുപറയുന്നു. കുട്ടിയെ അപമാനിക്കാനായി കോളേജ് അധികൃതരെ സഹായിക്കാന്‍ ആരോ പിന്നീട് എഴുതിച്ചേര്‍ത്തതാണ് അതെന്നാണ് ഷാജി പറയുന്നത്. അഞ്ജു എഴുതിയതാണെന്ന് കോളേജ് അധികൃതരും അത് വ്യാജമായി നിര്‍മിച്ചതാണെന്ന് ഷാജിയും പറയുമ്പോള്‍ അതിലെ വസ്തുത കണ്ടെത്താന്‍ ഏറെ പ്രയാസമില്ല. ശാസ്ത്രീയമായി അതുകണ്ടെത്താന്‍ കഴിയുമെന്ന് അറിയാത്തവരല്ല പൊലീസുകാരും കോളേജ് അധികൃതരും.

Read More… കോപ്പിയടിച്ചതിനു തെളിവില്ല , കടലാസ് ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത് മനപ്പൂർവമായ അപമാനിക്കൽ- പരാതിയുമായി പിതാവ് ഷാജി; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ കോപ്പി തയ്യാറാക്കിയത് കാണിച്ച് ഷാജിയുടെ ആക്ഷേപം നിഷേധിച്ച് കോളേജ് അധികൃതര്‍

ചൊവ്വാഴ്ച രാവിലെ 11.30ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റി. തുടര്‍ന്ന് ആംബുലന്‍സിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ബന്ധുക്കളെ ഇതിനിടെ ഒഴിവാക്കി. വാഹനവ്യൂഹം വെള്ളൂരെത്തിയപ്പോള്‍ കാത്തുനിന്ന ബന്ധുക്കള്‍ വാഹനം നിര്‍ത്തിച്ച് പ്രതിഷേധിച്ചു. കുട്ടിയുടെ പിതാവ് കോട്ടയത്ത് നില്‍ക്കുകയാണെന്നും പൊലീസ് ഏകപക്ഷീയമായ പെരുമാറുന്നതു ശരിയല്ലെന്നും അവര്‍ പറഞ്ഞു. ഷാജിയുടെ വാഹനം വരുന്നതുവരെ ആംബുലന്‍സ് മെല്ലെ പോകാമെന്ന് ഒടുക്കം പൊലീസ് സമ്മതിച്ചു.

അഡ്മിഷന്‍ ടിക്കറ്റിന്റെ പിറകുവശത്ത് പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നതായി കോളേജ് അധികൃതരും ഹാള്‍ടിക്കറ്റില്‍ കണ്ട കൈയക്ഷരം അഞ്ജുവിന്റേതല്ലെന്ന് പിതാവ് ഷാജിയും ആവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഒറ്റ പരിശോധനയില്‍ സത്യം പുറത്തുവരും. അതിന് കോടതിയുടെ ഉത്തരവ് വേണമെന്നുമാത്രം. ഏതെങ്കിലുമൊരു കോടതിയുടെ ഉത്തരവു മാത്രംമതി അത്തരമൊരു അന്വേഷണത്തിനെന്ന് അറിയാത്തതല്ല പൊലീസ് അധികൃതര്‍. എന്നാല്‍, കോടതിയില്‍ പോകാനോ ഫോറന്‍സിക് പരിശോധനയ്ക്കുള്ള ഉത്തരവ് നേടാനോ പൊലീസ് ശ്രമിക്കുന്നില്ല. തികഞ്ഞ മെല്ലെപ്പോക്ക് നയമാണ് ഇക്കാര്യത്തില്‍ പൊലീസ് കാട്ടുന്നതെന്ന ആരോപണം ശക്തമാണ്.

Read More… കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം

ഓരോ വ്യക്തിയുടെയും കൈയക്ഷരം സമാനതകളില്ലാത്തതാണെന്ന തത്വമാണ് കൈയക്ഷര പരിശോധനയുടെ അടിസ്ഥാനം. കൈയക്ഷരം, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗം, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേര്‍ക്കല്‍, എഴുതാനുപയോഗിക്കുന്ന മര്‍ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങള്‍ അതീവസൂക്ഷ്മമായി പരിശോധിക്കുന്ന ഉപകരണമാണ് വീഡിയോ സ്പെക്ട്രല്‍ കംപാരറ്റര്‍. ഈ ഉപകരണം ഉപയോഗിച്ചാണ് വ്യാജരേഖകളുടെ നിര്‍മാണം തിരിച്ചറിയുന്നത്. ഹാള്‍ടിക്കറ്റിലെ കൈയക്ഷരത്തിന്റെ യഥാര്‍ഥ വസ്തുത മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താനാവുമെങ്കിലും പൊലീസിനോ സ്വകാര്യ ഏജന്‍സികള്‍ക്കോ കൈയക്ഷര പരിശോധനയ്ക്ക് ലാബിന് കൈമാറാനാവില്ല. കോടതിയുടെ നിര്‍ദേശപ്രകാരം മാത്രമേ കൈയക്ഷര പരിശോധന നടത്താനാവൂ.

അഡ്മിഷന്‍ ടിക്കറ്റിനു പുറത്ത് അഞ്ജു എഴുതിയതല്ലെന്നും കോളേജ് അധികൃതര്‍തന്നെയാണ് കോപ്പി എഴുതിവച്ചതെന്നും തെളിഞ്ഞാല്‍ വ്യാജരേഖ ചമച്ചതിന് കോളേജ് അധികൃതര്‍ നിയമനടപടി ഏറ്റുവാങ്ങേണ്ടതായിവരും. കുട്ടിയുടെ മരണത്തിനും ഉത്തരവാദിത്തം പറയേണ്ടിവരും. മറിച്ച് അഞ്ജുതന്നെയാണ് കോപ്പിയടിക്കാന്‍ പാകത്തില്‍ എഴുതിക്കൊണ്ടുവന്നതെങ്കില്‍ തെളിയുന്നത് കോളേജ് അധികൃതരുടെ സത്യസന്ധതയാണ്. ഇവിടെയാണ് പൊലീസിന്റെ മെല്ലെപ്പോക്ക് നയം കാണുമ്പോള്‍ സംശയങ്ങള്‍ ഉയരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *