കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി

ന്യൂയോര്‍ക്ക്: കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി. തന്റെ അമ്മാവന്റെ മരണം വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്നും ഫ്ലോയിഡിന്റെ മരുമകള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ അമ്മാവന്‍ ഒരു പ്രശ്നക്കാരന്‍ ആയിരുന്നില്ല. നല്ല ആത്മവിശ്വാസവും വിനയവുമുള്ള ആളായിരുന്നു. എല്ലാവരേയും സഹായിക്കുകയും നല്ലതുമാത്രം പറയുകയും ചെയ്യുന്ന ആളായിരുന്നു. തന്റെ അമ്മാവന് നീതി കിട്ടണമെന്നും ബ്രൂക് വില്യംസ് പറഞ്ഞു. അമേരിക്കയില്‍ നിലവിലുള്ള നിയമങ്ങളൊന്നും കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമല്ല. തന്റെ അവസാനശ്വാസം വരെ അതിനായി പരിശ്രമിക്കുമെന്നും ബ്രൂക് പറഞ്ഞു.

കള്ളനോട്ട് കൈയിലുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഫ്ലോയിഡിനെ മാരകമായി മര്‍ദിച്ചത്. കൈയാമം വയ്ക്കാനായി തള്ളിതാഴെയിട്ടശേഷം കഴുത്തില്‍ കാല്‍മുട്ട് ശക്തിയായി അമര്‍ത്തിപ്പിടിക്കുകയായിരുന്നു. 8.45 മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍ ചവിട്ടിപ്പിടിച്ചെന്നാണ് കണ്ടെത്തല്‍. ശ്വാസംമുട്ടിയാണ് ഫ്ലോയിഡ് മരണപ്പെട്ടത്. തനിക്ക് ശ്വാസംമുട്ടുന്നുവെന്നു പറഞ്ഞ് ഫ്‌ലോയ്ഡ് നിലവിളിച്ചിട്ടും പൊലീസുകാരന്‍ കാല്‍ എടുത്തില്ല. അയാള്‍ ശ്വാസംമുട്ടി മരിച്ചുപോകുമെന്ന് തൊട്ടടുത്തുനിന്ന പൊലീസുകാരന്‍ താക്കീത് ചെയ്തിട്ടും കാലെടുത്തില്ല. അവസാന മൂന്ന് മിനിറ്റ് ഫ്‌ളോയിഡ് ചലനംനിലച്ച അവസ്ഥയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലും ഇതര രാജ്യങ്ങളിലും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ലോക്ഡൗണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി പൊതുജനം പ്രക്ഷോഭരംഗത്ത് അണിനിരന്നു. ഭയന്നുവിറച്ച ട്രംപ് മണിക്കൂറുകളോളം ബങ്കറില്‍ അഭയംതേടി. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഡെറിക് ചോവിന്‍ എന്ന പോലിസുദ്യോഗസ്ഥനടക്കം നാലുപേരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡെറിക്കിനെതിരേ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം