ലോക്ഡൗണ്‍ വരുത്തിയ ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കെട്ടിച്ചയച്ച് ബംഗാളില്‍ മാതാപിതാക്കള്‍ ഭാരം ഒഴിക്കുന്നു: പെരുകുന്ന ബാലവിവാഹത്തിനു പിന്നില്‍ ഞെട്ടിക്കുന്ന സാമൂഹിക സത്യങ്ങള്‍
കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ദാരിദ്ര്യം ശക്തമായതോടെ ഇന്ത്യന്‍ ഗ്രാമീണമേഖലയില്‍ ശൈശവ വിവാഹങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണത്തിനുപോലും ഗതിയില്ലാതായതോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ ഗ്രാമീണ മേഖലകളില്‍ വിവാഹം കഴിപ്പിച്ച് ‘സൊല്ല’യൊഴിക്കുകയാണ്.
ഇതിനിടെ ബംഗാളില്‍ ഒരു പെണ്‍കുട്ടി നടത്തിയ ഒറ്റയാള്‍സമരം സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായി. തന്നെ ബാലവിവാഹത്തില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരിയായ ഒരു പെണ്‍കുട്ടിയാണ് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഹരിഹര്‍പുരയിലെ ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ മുന്നിലെത്തിയത്. വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതോടെ 11 കിലോമീറ്റര്‍ നടന്നാണ് പെണ്‍കുട്ടി എത്തിയത്.
സാമ്പത്തികരംഗം താളംതെറ്റിയതോടെ രാജ്യത്ത് ബാലവേലയും ലൈംഗിക ചൂഷണവും വര്‍ധിക്കുകയാണ്. ഉംപുന്‍ ചുഴലിക്കാറ്റില്‍ കൃഷിനശിച്ചതും പല കുടുംബങ്ങളെയും കൊടും ദാരിദ്രത്തിലേക്കു തള്ളിവിട്ടിട്ടുണ്ട്. ബംഗാളില്‍ കര്‍ഷക കുടുംബങ്ങളിലെ 136 പെണ്‍കുട്ടികള്‍ ബാല്യത്തില്‍തന്നെ വിവാഹിതരായി. ബാലവിവാഹങ്ങള്‍ മിക്കതും രഹസ്യമായി നടത്തുന്നതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലും എത്രയോ മടങ്ങ് വലുതാണെന്ന സംശയം നിലനില്‍ക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, അസം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്.




