റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് രാജ്യത്ത് എവിടെനിന്നും പുതുക്കാം; നമ്പര്‍ 15 അക്കമായി മാറും

June 8, 2020 - 3:29 pm

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് രാജ്യത്ത് എവിടെനിന്നും പുതുക്കാന്‍കഴിയുന്ന തരത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായി ‘സാരഥി’യിലേക്ക് ഉടന്‍ മാറും. ഇതോടെ 85 ശതമാനം വരുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണ ശൃംഖലയായ സാരഥിയിലേക്ക് എത്തും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവരങ്ങളാണ് ഇനി കൈമാറാനുള്ളത്. 80 ശതമാനം ഡാറ്റയുടെ കൈമാറ്റം ഇതിനകം നടന്നുകഴിഞ്ഞു. ബാക്കി ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവും.

സാരഥിയില്‍ ഉള്‍പ്പെട്ട ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രത്യേകതകള്‍ അനവധിയാണ്. ഡ്രൈവിങ് ലൈസന്‍സ് ഏത് സംസ്ഥാനത്തും പുതുക്കാമെന്നതാണ് ഒരു പ്രത്യേകത. ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് അവരുള്ള സ്ഥലത്ത് ലൈസന്‍സിനായി അപേക്ഷിക്കാം. സംസ്ഥാനത്തു ലഭിക്കുന്ന എല്ലാ സേവനവും അവിടെയുള്ള ഓഫീസുകളിലും ലഭിക്കും. സംസ്ഥാനത്തെ ഏത് ഓഫീസിലും ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കും. വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാനും സാധിക്കുന്നതാണ്.

സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഇനി കേരളത്തില്‍ പുതുക്കാം. മോട്ടോര്‍വാഹന വകുപ്പിന്റെ ഓരോ ഓഫീസിനും പ്രത്യേക സീരിയല്‍ നമ്പരുകളായിരുന്നു ഇതുവരെ. ഇതിനുപകരം കേന്ദ്രീകൃത നമ്പര്‍ സംവിധാനം നിലവില്‍വന്നു. ലൈസന്‍സിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഇനി രാജ്യത്തെവിടെയും ഓണ്‍ലൈനായി ലഭിക്കും. കൂടാതെ, വാഹനനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും ഓണ്‍ലൈനായി തന്നെ ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാരഥിയില്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുണ്ട്. ഓണ്‍ലൈനായി പിഴയടയ്ക്കാവുന്നതിനാല്‍ പിഴയടയ്ക്കാതെ മറ്റ് സേവനങ്ങള്‍ ലഭ്യമാവുകയില്ല. ഏതു സംസ്ഥാനത്തുനിന്നുമുള്ള പിഴയാണെങ്കിലും അത് ഓണ്‍ലൈനായി ഇനി അടയ്ക്കാവുന്നതാണ്.

കൂടാതെ, ലൈസന്‍സിന് ഇനി 15 അക്ക നമ്പരായിരിക്കും. നിലവില്‍ നാലക്കമുള്ള ലൈസന്‍സ് നമ്പര്‍ എഴക്കം ആക്കുന്നതോടെയാണ് ആകെ ലൈസന്‍സിന്റെ നമ്പര്‍ 15 അക്കമാവുന്നത്. ലൈസന്‍സിന്റെ ആദ്യ രണ്ടക്കം സംസ്ഥാനത്തിന്റെ കോഡും അടുത്ത രണ്ട് അക്കങ്ങള്‍ ഓഫീസ് കോഡും അടുത്ത നാലക്കം ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷവുമാണ്. ഇതിനുശേഷമുള്ള നാലക്ക നമ്പരാണ് എഴക്കമാവുന്നത്. ഇതിനായി തുടക്കത്തില്‍ പൂജ്യം ഉപയോഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *