ഓടാന്‍ അനുമതി ലഭിച്ചിട്ടും കാര്യമില്ല, ഓട്ടംവിളിക്കാന്‍ ആളില്ല; ഓട്ടോ- ടാക്‌സി രംഗം പ്രതിസന്ധിയില്‍

കൊച്ചി: സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടും കാര്യമില്ല, ഓട്ടംവിളിക്കാന്‍ ആളില്ല; ഇതോടെ ഓട്ടോ- ടാക്‌സി രംഗം പ്രതിസന്ധിയിലായി. യാത്രക്കാര്‍ ഇല്ലാതെ വാഹനങ്ങള്‍ സ്റ്റാന്റില്‍ വെറുതെ നിര്‍ത്തിയിടേണ്ട അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍. രണ്ട് മാസത്തിനു ശേഷമാണ് ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാവിലെതന്നെ വണ്ടിയുമായി ഡ്രൈവര്‍മാര്‍ സ്റ്റാന്റുകളിലെത്തിയെങ്കിലും യാത്രക്കാര്‍ തീരെ കുറവായിരുന്നു. ബുധനാഴ്ച മുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നല്ലനിലയില്‍ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവര്‍മാര്‍ സ്റ്റാന്റുകളില്‍ എത്തിയത്. ഈ പ്രതീക്ഷയാണ് തകര്‍ന്നത്.

ലോക്ക്ഡൗണ്‍ കാരണം ആര്‍റ്റിഒ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിയിരുന്നു. ഇതുമൂലം ടാക്‌സിവാഹനങ്ങളുടെ ടെസ്റ്റിങ് അടക്കം നിര്‍ത്തിവച്ചിരുന്നു. പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉള്‍പ്പടെയുള്ളവ മുടങ്ങി. ടെസ്റ്റിങ് നടത്താന്‍ ജൂണ്‍ 30 വരെ സമയം സര്‍ക്കാര്‍ നീട്ടിനല്‍കിയിട്ടുണ്ടെങ്കിലും അതിനകം നടത്തിയെടുക്കാന്‍ പലരുടെയും കൈയിലും പണമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സമയം നീട്ടിനല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ സഹായം പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഡ്രൈവര്‍ക്ക് പുറമെ ഒരു യാത്രക്കാരന് മാത്രമേ ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. കുടുംബമാണെങ്കില്‍ ഇളവ് ലഭിക്കും. ടാക്‌സികളില്‍ മുന്‍സീറ്റില്‍ ഡ്രൈവര്‍ മാത്രവും പിന്നില്‍ രണ്ടുപേരും. കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്ക് യാത്രചെയ്യാം. ഈ നിബന്ധനകളോടെയാണ് ടാക്സികളെ ഓടാന്‍ അനുവദിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കടംവാങ്ങിയവരാണ് പലരും വീടുപുലര്‍ത്തിയത്. ഓടാതെകിടന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കടം വാങ്ങേണ്ടി വന്നു. ഇനി എന്താണ് പോംവഴിയെന്ന ചിന്തയിലാണ് മിക്ക ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരും.

Share
അഭിപ്രായം എഴുതാം