തൃശൂര്‍: കോര്‍പറേഷന്‍ ഭരണപക്ഷം മുനിസിപ്പല്‍ ആക്ടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. കൗണ്‍സിലിന്റെ പല പ്രവര്‍ത്തനവും നിയമവിരുദ്ധമായാണു നടക്കുന്നത്. 2000ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 75,000 രൂപവരെ അടങ്കല്‍ത്തുകയുള്ള വര്‍ക്കുകള്‍ക്കു മാത്രമേ മേയര്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാനാവൂ. എന്നാല്‍, 40 കോടി രൂപവരെയുള്ള പദ്ധതികള്‍ക്ക് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിവരുന്നു. മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കുന്ന പദ്ധതികള്‍ മാസങ്ങള്‍ കഴിഞ്ഞാണ് യോഗങ്ങളില്‍ അജണ്ടയായി വയ്ക്കുന്നത്.
ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെയും വോട്ടെടുപ്പ് നടത്താതെയുമാണ് കൗണ്‍സില്‍ തീരുമാനങ്ങള്‍ മിക്കവയും കൈക്കൊള്ളുന്നത്. വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ തീരുമാനം പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിക്കുകയാണ്. ഓഫിസ് സമയത്ത് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് രേഖകള്‍ പരിശോധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, ഈ അവകാശവും കൗണ്‍സിലര്‍മാര്‍ക്ക് നിഷേധിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു.

