ആലുവ : കൊറോണ കാലത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന മരണഭീതിയില്‍ നിന്ന് ജനിച്ച മനുഷ്യപറ്റില്ലായ്മയുടെ ഉദാഹരണമാണ് ആലുവയ്ക്കടുത്ത് ശ്രീനഗരം പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആയിരിക്കുന്നത്. പ്രസവശേഷം കുഞ്ഞുമായി താമസസ്ഥലത്ത് തിരിച്ചെത്തിയ മാതാവിനെയും അവരുടെ അമ്മയെയും 12കാരി മകളെയും രാത്രിയില്‍ തുരത്തിയോടിച്ചു. ശ്രീമൂലനഗരത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി സ്ത്രീയ്ക്കാണ് ഈ ഗതികേട് ഉണ്ടായത്.
ഫാക്ടറി തൊഴിലാളികളുടെ ലൈനില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
പ്രസവത്തിനായി ഒരാഴ്ച മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ഡിസ്ചാര്‍ജ് ചെയ്യേണ്ട സമയം ആയപ്പോള്‍ ഭര്‍ത്താവ് ഉത്തരവാദിത്വം ഒഴിഞ്ഞ ഉപേക്ഷിച്ചു. ഡിസ്ചാര്‍ജിനു ശേഷം മൂന്നു ദിവസം അവര്‍ ആശുപത്രിയില്‍ കിടന്നു. അവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ അധികൃതര്‍ കോട്ടയത്തെ നവജീവന്‍ ട്രസ്റ്റിന്റെ ശ്രദ്ധയില്‍ ഇവരുടെ പ്രശ്നം എത്തിച്ചു. നവജീവന്റെ പി.യു. തോമസ് ഇടപെട്ടു. പ്രസവാനന്തര മരുന്നുകള്‍ കോട്ടക്കല്‍ ആയുര്‍വേദ വൈദ്യശാല ലഭ്യമാക്കി. അരിയും പലവ്യഞ്ജനങ്ങളും വാങ്ങി നല്കി മടങ്ങിയ ഇവര്‍ക്ക് ആലുവയില്‍ എത്തുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.
ശ്രീമൂലനഗരം ഫാക്ടറി ലൈനിലെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അവര്‍ പ്രസവത്തിന് പോയതാണെന്ന് അറിയാമായിരുന്നിട്ടും ലൈനില്‍ താമസിക്കുവാന്‍ അനുവദിച്ചില്ല. പോകുന്നതുവരെ അടുപ്പക്കാരും പരിചയക്കാരും ആയിരുന്നവര്‍ മുഖം കറുപ്പിച്ചു. ചിലര്‍ കടിച്ചുകീറാന്‍ നിന്നു. കൊറോണ വന്ന് മരിച്ചുപോകും എന്ന രീതിയിലായിരുന്നു അവര്‍.
സ്ത്രീക്കൊപ്പം അവരുടെ മാതാവും 12 വയസുള്ള മകളും ഉണ്ടായിരുന്നു. ഉണ്ടായിട്ട് കഷ്ടിച്ച് ഒരാഴ്ച പോലുമാകാത്ത കുട്ടിയെയും എടുത്തു മൂന്ന് പെണ്ണുങ്ങള് രാത്രിയില്‍ എവിടേക്ക് പോകുമെന്ന ചിന്തയും ഉണ്ടായില്ല. പഞ്ചായത്ത് മെമ്പര്‍ കെ പി അനൂപി ന്റെ ഇടപെടലാണ് ആണ് ആശ്വാസവും പരിഹാരവും ആയത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശ്രീമൂലനഗരം ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ രാത്രി താമസത്തിനുള്ള ഏര്‍പ്പാട് ചെയ്തു. എവിടെയെങ്കിലും വാടകക്കെട്ടിടം ഇടപാട് ചെയ്തു കൊടുക്കേണ്ട ചുമതലയും മെമ്പര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആശുപത്രിയില്‍ കഴിഞ്ഞിട്ട് വന്നതായതുകൊണ്ട് ലൈനില്‍ താമസിക്കാന്‍ അനുവദിക്കില്ല എന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്.



