റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യയിലേക്ക്, സാധ്യതകള്‍ മുതലാക്കാന്‍ കേരളമില്ല.

May 5, 2020 - 6:41 pm

ഡല്‍ഹി: ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന ബിസിനസ് സംരംഭകരെ ആകര്‍ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രേദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 4,61,589 ഹെക്ടര്‍ സ്ഥലം ഇതിനായി കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. നിലവിലുള്ള 1,15,131 ഹെക്ടര്‍ വ്യാവസായിക ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ലക്‌സംബര്‍ഗിന്റെ ഇരട്ടിയോളം വലുപ്പത്തിലാണ് വ്യവസായസൗഹൃദ മേഖലകള്‍ തയ്യാറാവുന്നത്. ലക്‌സംബര്‍ഗിന്റെ ആകെ വിസ്തീര്‍ണം 2,43,000 ഹെക്ടറാണ്.

നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഭൂമിയാണ് ഏറ്റവും പ്രശ്‌നമായിട്ടുള്ളത്. നിലവില്‍ ഇന്ത്യയില്‍ വ്യവസായം ആരംഭിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കണമെന്നാണ് സംരംഭകരുടെ അഭിപ്രായം. വൈദ്യുതി, വെള്ളം, റോഡുകള്‍ എന്നതുപോലെ തന്നെയാണ് ആവശ്യത്തിന് ഭൂമി ലഭിക്കുകയെന്നതും. സൗദി അരാംകോ മുതല്‍ പോസ്‌കോ വരെയുള്ള കമ്പനികള്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള ഏറ്റവും വലിയ തടസം ഭൂമിപ്രശ്‌നമാണ്.

കൊവിഡ് രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ആഗോളരാഷ്ട്രീയത്തില്‍ ചൈനയ്‌ക്കെതിരേ എതിര്‍പ്പ് ശക്തമാണ്. ഈ സാഹചര്യത്തില്‍ ചൈനയില്‍നിന്ന് ബഹുരാഷ്ട്ര കമ്പനികളും സംരംഭകരും നിക്ഷേപകരും പിന്നാക്കം വലിയുന്നു. ഇവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പരിശ്രമിക്കുന്നത്.

ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഹെവി എന്‍ജിനീയറിങ്, സോളാര്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ മുതലായ മേഖലകളില്‍ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള കമ്പനികളുമായി കഴിവതുംവേഗം ബന്ധപ്പെടാന്‍ വിദേശത്തുള്ള എംബസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍നിന്ന് അന്വേഷണങ്ങള്‍ വന്നുതുടങ്ങിയെന്നാണ് സൂചനകള്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വിശദമായ പദ്ധതി ഈ മാസം അവസാനത്തോടെ പൂര്‍ണമാവും. ഒപ്പം സ്വന്തനിലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള അതിവേഗ തന്ത്രങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ഏപ്രില്‍ 30ന് പ്രധാനമന്ത്രി യോഗം ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് എല്ലാ വാണിജ്യ വ്യാവസായിക ആവശ്യങ്ങള്‍ക്കും ഭൂമി അനുവദിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ സംവിധാനംതന്നെ വികസിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്ന് ഇത്തരത്തില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സൂചന. ചൈനയില്‍നിന്ന് വ്യവസായികളെ ആകര്‍ഷിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാവുമോയെന്ന ഭയം ഭരണാധികാരികളില്‍ ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *