എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ മാസ്‌ക്.
ശസ്ത്രക്രിയയ്ക്കിടയിലും നഴ്‌സിങ് സമയത്തും ആരോഗ്യവിദഗ്ധര്‍ ധരിക്കാന്‍ ഉദ്ദേശിച്ചുള്ള മുഖാവരണമാണ് സര്‍ജിക്കല്‍ മാസ്‌ക്. ശസ്ത്രക്രിയാ മാസ്‌ക്, മെഡിക്കല്‍ മാസ്‌ക്, ഫേസ് മാസ്‌ക് എന്നെല്ലാം ഇവ അറിയപ്പെടുന്നു. രോഗികള്‍ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാന്‍ ഇവ ഉപകരിക്കും. വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതില്‍നിന്ന് സംരക്ഷിക്കാന്‍ അവയ്ക്ക് സാധിക്കില്ല. അതിന് എന്‍ 95 അല്ലെങ്കില്‍ FFP മാസ്‌കുകള്‍ പോലുള്ള റെസ്പിറേറ്ററുകള്‍ തന്നെ ഉപയോഗിക്കണം.
തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യയില്‍ പുകമഞ്ഞിന്റെ വര്‍ധിച്ചുവരുന്ന പ്രശ്‌നംകാരണം, ശസ്ത്രക്രിയാ മാസ്‌കുകളും എയര്‍ ഫില്‍ട്ടറിംഗ് ഫെയ്‌സ് മാസ്‌കുകളും ഉപയോഗിച്ചുവരുന്നു
വായുവിലൂടെയുള്ള രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിനും വായുമലിനീകരണം മൂലമുണ്ടാകുന്ന പൊടിപടലങ്ങള്‍ ശ്വസനവായുവിലൂടെയെത്തുന്നത് തടയുന്നതിനും മാസ്‌കുകള്‍ ഉപയോഗിക്കുന്നു. അടുത്തിടെ, തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യയില്‍ പുകമഞ്ഞിന്റെ വര്‍ധിച്ചുവരുന്ന പ്രശ്‌നംകാരണം, ശസ്ത്രക്രിയാ മാസ്‌കുകളും എയര്‍ ഫില്‍ട്ടറിംഗ് ഫെയ്‌സ് മാസ്‌കുകളും ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ ഇന്ത്യ, നേപ്പാള്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളില്‍ ആളുകള്‍ പതിവായി ഉപയോഗിക്കുന്നു. ഡല്‍ഹിയില്‍ മോട്ടോര്‍ വാഹനങ്ങളില്‍നിന്ന് പുറത്തുവരുന്ന കനത്ത പുകകാരണം അന്തരീക്ഷ മലിനീകരണം സംഭവിച്ചപ്പോള്‍ ആളുകളെല്ലാം മാസ്‌ക് ധരിച്ചത് നാം കണ്ടു.
കൂടാതെ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ മൂടല്‍മഞ്ഞ് സീസണില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ആളുകളും ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചുവരുന്നു. എയര്‍ ഫില്‍ട്ടറിങിനും സര്‍ജിക്കല്‍ ആവശ്യങ്ങള്‍ക്കും സ്‌റ്റൈലിനും ആളുകള്‍ മാസ്‌ക് ഉപയോഗിക്കുന്നു. ഇതുമൂലം പല കമ്പനികളും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയുക്തമായ മാസ്‌കുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് വായുവിലൂടെയുള്ള പൊടിപടലങ്ങളുടെ ശ്വസനത്തെ തടയുക മാത്രമല്ല ഫാഷനും കൂടിയാണ്.
ശസ്ത്രക്രിയയ്ക്കിടയിലും ചില ആരോഗ്യ പരിരക്ഷാ നടപടിക്രമങ്ങള്‍ ചെയ്യുമ്പാഴും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശമുണ്ട്. 1897ല്‍ പാരീസില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഫ്രഞ്ച് സര്‍ജന്‍ പോള്‍ ബെര്‍ഗറാണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തുന്നു. ആധുനിക ശസ്ത്രക്രിയാ മാസ്‌കുകള്‍ കടലാസിലും മറ്റും നിര്‍മ്മിച്ചവയാണ്. അവ ഓരോ ഉപയോഗത്തിനും ശേഷം ഉപേക്ഷിക്കുന്നു.
ഒരു മാസ്‌ക് ഒരു റെസ്പിറേറ്റര്‍ ആണെന്നു തെറ്റിധരിക്കരുത്. മാസ്‌കുകള്‍ വായുവിലൂടെയുള്ള ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതില്‍നിന്ന് സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയല്ല. ഇവ, റെസ്പിറേറ്ററുകളേപ്പോലെ ഫലപ്രദവുമല്ല.
മാസ്‌കുകള്‍ ഇല്ലെങ്കില്‍ വായുവിലൂടെയുള്ള രോഗങ്ങള്‍ ശ്വസനവായുവിലൂടെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത താരതമ്മ്യേന കൂടുതലാണ്. അവ ധരിക്കുന്നത് വായുവിലൂടെയുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നു.
മാസ്‌കുകള്‍ ഇല്ലെങ്കില്‍ വായുവിലൂടെയുള്ള രോഗങ്ങള്‍ ശ്വസനവായുവിലൂടെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത താരതമ്മ്യേന കൂടുതലാണ്. അവ ധരിക്കുന്നത് വായുവിലൂടെയുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നു. ജപ്പാനില്‍ ഫ്‌ലൂ സീസണില്‍ മറ്റുള്ളവരെ ബാധിക്കാതിരിക്കാനും പൊതു ക്രമീകരണങ്ങളില്‍ രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിനും ഫേസ് മാസ്‌ക് ധരിക്കല്‍ സാധാരണമാണ്. ജപ്പാനിലും തായ്വാനിലും ഈ മാസ്‌ക്കുകള്‍ ഫ്‌ലൂ സീസണില്‍ ധരിക്കുക എന്നത് സാധാരണവും സാമൂഹിക ഉത്തരവാദിത്തവുമാണ്. അലര്‍ജികള്‍ തടയുന്നതിനും അപരിചിതരുമായി സംസാരിക്കുന്നത് ഒഴിവാക്കുന്നതിനും അല്ലെങ്കില്‍ പുറത്തുപോകുമ്പോള്‍ മേക്കപ്പ് ധരിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുന്നതിനും ഉപയോഗിക്കാം. ഇത് ഫാഷനായി ഉപയോഗിക്കുന്നവരുമുണ്ട്.
ഐഡന്റിറ്റി മറയ്ക്കാന്‍ കുറ്റവാളികളും മറ്റും മാസ്‌കുകള്‍ ധരിക്കുന്നതിനാല്‍ യുഎസിലെ ബാങ്കുകളിലും എടിഎമ്മുകളിലും അവയുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.
മാസ്‌കുകളുടെ രൂപകല്‍പ്പന ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മാസ്‌കുകള്‍ മൂന്ന് ലെയറുകള്‍ ആണ്. മാസ്‌കുകള്‍ മുഖത്ത് ഉറപ്പിച്ചുവയ്ക്കാന്‍ മൂന്ന് വ്യത്യസ്ത വഴികളുണ്ട്. ഏറ്റവും പ്രചാരമുള്ളത് ഇയര്‍ ലൂപ്പാണ്. അവിടെ ഒരു ചെറിയ വീതികുറഞ്ഞ ഇലാസ്റ്റിക് മെറ്റീരിയല്‍ മാസ്‌കില്‍ ഘടിപ്പിച്ച് ചെവികള്‍ക്ക് പിന്നില്‍ സ്ഥാപിക്കുന്നു. മറ്റൊന്ന് ടൈ-ഓണ്‍ ആണ്, അതില്‍ തലയ്ക്ക് പിന്നില്‍ ബന്ധിച്ചിരിക്കുന്ന സ്ട്രാപ്പുകള്‍ അടങ്ങിയിരിക്കുന്നു. മൂന്നാമത്തേത് ഹെഡ് ബാന്‍ഡ്. ഇതിന്, തലയ്ക്ക് പിന്നില്‍ സുരക്ഷിതമാക്കിയിരിക്കുന്ന ഇലാസ്റ്റിക് സ്ട്രാപ്പ് ആണുള്ളത്.
ഏറ്റവും പ്രചാരമുള്ളത് ഇയര്‍ ലൂപ്പാണ്. മറ്റൊന്ന് ടൈ-ഓണ്‍ ആണ്, മൂന്നാമത്തേത് ഹെഡ് ബാന്‍ഡ്.
മാസ്‌ക് ശരിയായി ധരിക്കേണ്ടതെങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരിയായി മാസ്‌ക് ധരിച്ചാല്‍ മാത്രമേ രോഗാണുക്കള്‍ പകരുന്നതും തടയാനും അകറ്റാനും സാധിക്കുകയുള്ളൂ.
1, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചുറ്റുമുള്ളവരെ സംരക്ഷിക്കാന്‍ നാം മാസ്‌ക് ധരിക്കണം. അതുപോലെ നമുക്ക് മറ്റുള്ളവരില്‍നിന്ന് അണുബാധ ഏല്‍ക്കാതിരിക്കാനും ഇത് ഒരളവോളം ഉപകരിക്കുന്നതാണ്.
2, ഏതുതരം മെറ്റീരിയലും മാസ്‌ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. മാസ്‌ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് തുണിയാണെങ്കില്‍ അത് വൃത്തിയായി കഴുകിയതാണെന്ന് ഉറപ്പുവരുത്തണം.
3, സ്വന്തം കുടുംബാംഗം ആണെങ്കിലും നിങ്ങളുടെ മാസ്‌ക് മറ്റൊരാളുമായി ഷെയര്‍ ചെയ്യരുത്.
4, മാസ്‌ക് ധരിച്ചുകഴിഞ്ഞാല്‍ അതിന്റെ മുന്‍ഭാഗത്ത് കൈകൊണ്ടു തൊടരുത്.
5, മുഖത്ത് ചരിഞ്ഞിരിക്കുന്ന മാസ്‌ക് മൂക്കിന്റെയും വായുടെയും സമീപം തൊട്ട് നേരെയാക്കാന്‍ ശ്രമിക്കരുത്.
6, മാസ്‌ക് മുഖത്ത് അണിയാത്ത സമയത്ത് അതു കഴുത്തില്‍കെട്ടുന്നത് നല്ല പ്രവണതയല്ല.
7, രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മാസ്‌ക് ധരിപ്പിക്കുന്നത് വളരെ സൂക്ഷിച്ചുവേണം. അതുപോലെ കടുത്ത ശ്വസനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം മാസ്‌ക് ധരിക്കേണ്ടത്.
8, മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കും വായും നന്നായി കവര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ചെവിക്കുചുറ്റും ഭദ്രമായി കെട്ടി ഉറപ്പിക്കണം.
9, ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് മാസ്‌കെങ്കിലും ഉണ്ടായിരിക്കണം. വൃത്തിയും ശുചിത്വവും പാലിക്കാന്‍ അവ മാറിമാറി വേണം ഉപയോഗിക്കാന്‍.
10, മാസ്‌ക് ഇടയ്ക്കിടെ തിളച്ച വെള്ളത്തിലിട്ട് കഴുകണം.
11, വീണ്ടും ഉപയോഗിക്കുന്നതിനുമുമ്പ് അത് നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇസ്തിരിയിട്ടാല്‍ ഏറെ നന്ന്.
12, മാസ്‌ക് മുഖത്ത് ധരിക്കുന്നതിനുമുമ്പ് കൈകള്‍ 20 സെക്കന്‍ഡ് സോപ്പ്, സാനിറ്റൈസര്‍ ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കഴുകണം.
13, മാസ്‌ക് അഴിക്കുമ്പോള്‍ ശിരസിന്റെ പിറകുവശത്തുകൂടിവേണം അഴിക്കാന്‍. ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വേണം.
14, ആരോഗ്യപ്രവര്‍ത്തകരും കോവിഡ് 19 സംശയിക്കുന്നവരും എന്‍95 മാസ്‌ക് ധരിക്കണം.
15, മുഖാവരണം ഉണ്ടെങ്കിലും വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം(6 അടി) പാലിക്കുക.
മാധ്യമപ്രവര്‍ത്തകനാണ് തോമസ് ജോസഫ്. ഫോണ്‍: 9447990680



