തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച (01-05) പുതിയ കോവിഡ് രോഗികളില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഒമ്പതു പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാലുപേരുടേ വീതവും എറണാകുളം ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 392 പേര്‍ കോവിഡില്‍നിന്ന് മുക്തിനേടി. 102 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. 106 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുള്ള 27,150 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ആരോഗ്യപ്രവര്‍ത്തകര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 1862 സാംപിളുകള്‍ ശേഖരിച്ചതില്‍ പരിശോധനാഫലം ലഭ്യമായ 999 എണ്ണം നെഗറ്റീവാണ്.
പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3089 എണ്ണം നെഗറ്റീവാണ്. പുനപ്പരിശോധനയ്ക്ക് നിര്‍ദേശിച്ച 14 സാംപിളുകള്‍ പരിശോധിച്ചുവരുകയാണ്.
സംസ്ഥാനത്ത് 10 ഹോട്ട് സ്‌പോട്ടുകള്‍കൂടി പുതുതായി ഉള്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശ്ശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍, കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.



