തിരുവനന്തപുരം ഏപ്രിൽ 24: സ്വന്തം പുരയിടത്തില്‍ മണ്ണെടുക്കുന്നത് തടഞ്ഞ വിമുക്തഭടനും പ്രവാസിയുമായ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ (34) ടിപ്പറും മണ്ണുമാന്തിയും ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 14 പ്രതികളുള്ള കേസില്‍ രേഖകളുള്‍പ്പെടെ 193 തെളിവുകളും 129 സാക്ഷിമൊഴികളും ഉള്‍പ്പെടെ 1500 പേജോളം വരുന്ന കുറ്റപത്രമാണ് കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും സംഭവമുണ്ടായി 88-ാം ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.
ജനുവരി 24ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
തന്റെ പുരയിടത്തില്‍ നിന്ന് മണ്ണിടിച്ച് കൊണ്ടുപോകാനുള്ള ശ്രമം ചോദ്യം ചെയ്ത സംഗീതിനെ എതിര്‍ക്കുകയും മണ്ണ് ഇടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തെങ്കിലും മണ്ണ് മാഫിയ സംഘത്തില്‍പ്പെട്ട പ്രതികള്‍ പിന്‍വാങ്ങിയില്ല. സംഗീതിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അവര്‍ മണ്ണിടിച്ച് ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
മണ്ണ് കടത്തുകാരുടെ വാഹനങ്ങള്‍ക്ക് മുമ്പില്‍ സംഗീത് തന്റെ കാര്‍ ചെറുത്ത് നിര്‍ത്തി. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വിവരം പൊലീസിനെ അറിയിക്കാന്‍ സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാര്‍ തള്ളി മാറ്റി. ഇതോടെ വീണ്ടും തര്‍ക്കമായി. പൊലീസില്‍ വിവരമറിയിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ വാഹനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയത്.
കൊലയ്ക്ക് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ചാരുപാറ വിജിന്‍ നിവാസില്‍ വിജിന്‍(29), മണ്ണെടുക്കുന്നതു തടഞ്ഞപ്പോള്‍ സംഗീതിനെ ഇടിച്ചിട്ട ടിപ്പറിന്റെ ഡ്രൈവര്‍ പ്ലാവൂര്‍ കൊല്ലകോണം കുഴിവിള വീട്ടില്‍ ലിനു മഹേഷ് (30), മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു എന്ന സ്റ്റാന്‍ലി ജോണ്‍, മണ്ണു കടത്തിയ ടിപ്പര്‍ ലോറി ഉടമ കിഴമച്ചല്‍ പത്മിനി നിവാസില്‍ ഉത്തമനെന്ന മണികണ്ഠന്‍(34), ഡ്രൈവര്‍ കട്ടയ്‌ക്കോട് കാര്യോട്ടുകോണം കുളത്തിന്‍കര വീട്ടില്‍ ബൈജു(36), ക്ളീനര്‍ കൂവളശ്ശേരി റോഡരികത്ത് വീട്ടില്‍ മിഥുന്‍(25), ടിപ്പര്‍ ലോറിയുടെ ക്ളീനര്‍ കൊറ്റമ്ബള്ളി സ്വദേശി സുജിത്(28), പ്രതികളെ ഒളിവില്‍ പോകാനും യന്ത്രങ്ങള്‍ ഒളിപ്പിക്കാനും സഹായിച്ച ഒറ്റശേഖരമംഗലം ഉണ്ണി എന്ന ലാല്‍ കുമാര്‍(32), മണ്ഡപത്തിന്‍കടവ് ഇടവാല്‍ സ്വദേശി അനീഷ്, പ്രായപൂര്‍ത്തിയാകാത്തയാള്‍, വാഹനങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ഉത്തമന്റെ ബന്ധു കാട്ടാക്കട സ്വദേശി സനല്‍കുമാര്‍(30), മണ്ഡപത്തിന്‍കടവ് ഇടവാല്‍ സ്വദേശി വിഷ്ണു ജി.നായര്‍(31), സംഭവത്തില്‍ ഉള്‍പ്പെട്ട മണ്ണുമാന്തി, ടിപ്പര്‍ എന്നിവയുടെ ആര്‍.സി. ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ തങ്കമണി, ഇടിച്ചിട്ട മണ്ണു വാങ്ങിയ ജസ്റ്റിന്‍ എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ 14 വരെയുള്ള പ്രതികളെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അന്യായമായ സംഘംചേരല്‍, കൊലപാതകം, മോഷണം, തെളിവുനശിപ്പിക്കല്‍, പ്രേരണ എന്നീ കുറ്റങ്ങളാണ് ഒന്നുമുതല്‍ എട്ടു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ സഹായിച്ചവരാണ്. മരിച്ച സംഗീതിന്റെ ഭാര്യയും നാല് ദൃക്‌സാക്ഷികളും അടക്കം 129 സാക്ഷികളും പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍, റവന്യൂ രേഖകള്‍, സാക്ഷികളുടെ രഹസ്യമൊഴികള്‍ എന്നിവയുള്‍പ്പെടുന്ന 136 രേഖകളും, പ്രതികള്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ ഉള്‍പ്പടെ 47 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറിയിട്ടുണ്ട്.



