തിരുവനന്തപുരം ഏപ്രിൽ 18: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബസ് സർവീസുകൾ അനുവദിക്കുമ്പോൾ ഒരു സീറ്റിൽ ഒരാൾ മാത്രം യാത്ര ചെയ്യാൻ പാടുള്ളൂവെന്ന നിർദേശത്തോട് സ്വകാര്യ ബസുടമകൾ വിയോജിക്കുന്നു. വൻ നഷ്ടത്തിന് ഇടയാക്കുമെന്ന് ഉള്ളതാണ് കാരണം. ഇതിനോട് ഗതാഗത മന്ത്രി യോജിച്ചിരിക്കുകയാണ്. ഇത് വിരൽ ചൂണ്ടുന്നത് യാത്ര നിരക്ക് വർധനവിലേക്കാണ്. ചുരുങ്ങിയപക്ഷം കൊറോണ കാലത്ത് എങ്കിലും കൂടിയ നിരക്കിൽ യാത്ര ചെയ്യാൻ യാത്രികർ നിർബന്ധിതരാകും. ഒരു സീറ്റിന്റെ മുഴുവൻ ടിക്കറ്റ് നിരക്കും ഒറ്റയ്ക്കു യാത്ര ചെയുന്ന ആളിൽ നിന്ന് ഈടാക്കുക എന്ന ആവശ്യമായിരിക്കും ബസുടമകൾ ഉന്നയിക്കുക.
ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗസൈസേഷന്‍ ആവശ്യപ്പെട്ടു.
നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സമ്മതിച്ചു. തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ചുളള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്.



