പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസ്: സിഎജിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി മാര്‍ച്ച് 13: പോലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിഎജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിഎജിയെ കോടതി വിമര്‍ശിച്ചത്. വെടിയുണ്ടകള്‍ കാണാതായത് ഗൗരവതരമാണെന്നും സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും സിഎജി അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

ഭരണഘടനാ പ്രകാരം സംസ്ഥാന നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത് എന്നിരിക്കെ ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയതെന്നും കോടതി ചോദിച്ചു. നിയമസഭയുടെ പ്രത്യേക പരിഗണനയിലുള്ള വിഷയമായതിനാല്‍ കോടതിക്ക് പോലും ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സിഎജി അധികാരങ്ങള്‍ മറികടക്കാന്‍ ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. വെടിയുണ്ടകള്‍ കാണാതായ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Share
അഭിപ്രായം എഴുതാം