ഡല്‍ഹി ഗാര്‍ഗി കോളേജ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി ഫെബ്രുവരി 10: ഡല്‍ഹിയില്‍ ഗാര്‍ഗി വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. ലോക്സഭയില്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ എഎപിയും വിഷയം ഉന്നയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം പുരുഷന്മാര്‍ കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളെ തടയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസില്‍ കയറി പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കോളേജിലെത്തി അന്വേഷണം നടത്തി. കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം