ബംഗളൂരു ജനുവരി 23: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് വിമാനത്താവള ങ്ങളോടുള്ള പ്രതികാരമെന്ന് പോലീസ്. ഇയാള്‍ നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാത്തതാണ് ദേഷ്യത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ച സംഭവത്തില്‍ ഇന്നലെയാണ് ആദിത്യറാവു ബംഗളൂരു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സ്ഫോടകവസ്തു വച്ച സംഭവത്തില്‍ കീഴടങ്ങിയ ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തെളിവില്ല. ആദിത്യക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്ന് ആദിത്യ റാവു പോലീസിന് മൊഴി നല്‍കിയിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു.