
രാജ്യവ്യാപകമായി “ആയുഷ് കോവിഡ്-19 കൗൺസിലിംഗ് ഹെൽപ്പ്ലൈൻ” പ്രവർത്തനക്ഷമമായി
കോവിഡ്-19 ഉന്നയിക്കുന്ന വെല്ലുവിളികൾക്ക് ആയുഷ് അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളും പരിഹാരങ്ങളും നൽകുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയം ഒരു സമർപ്പിത കമ്മ്യൂണിറ്റി സപ്പോർട്ട് ഹെൽപ്പ്ലൈൻ ആരംഭിച്ചു. 14443 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽ എല്ലായിടത്തും രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ, ആഴ്ചയിലെ ഏഴു ദിവസവും ഈ സേവനം ലഭ്യമാകും. 14443 എന്ന ഹെൽപ്പ്ലൈനിലൂടെ ആയുഷിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ, അതായത് ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ എന്നിവർ, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും. ഈ വിദഗ്ധർ രോഗികൾക്ക് കൗൺസിലിംഗും പ്രായോഗിക പരിഹാരങ്ങളും നൽകുക മാത്രമല്ല, അടുത്തുള്ള ആയുഷ് സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് അവർക്ക് മാർഗദർശനം നൽകുകയും ചെയ്യും. കൂടാതെ രോഗികൾക്ക് കോവിഡിന് ശേഷമുള്ള പുനരധിവാസവും സമീപനങ്ങളും വിദഗ്ധർ നിർദ്ദേശിക്കും. ഐവിആർ സജ്ജീകരിച്ചിരിക്കുന്ന ഈ ഹെൽപ്പ്ലൈൻ നിലവിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്. മറ്റ് ഭാഷകൾ യഥാസമയം ചേർക്കും. ഹെൽപ്പ്ലൈൻ തുടക്കത്തിൽ ഒരേസമയം 100 കോളുകൾ വരെ സ്വീകരിക്കും. ആവശ്യാനുസരണം ഭാവിയിൽ ഇതിന്റെ ശേഷി വർദ്ധിപ്പിക്കും. എൻജിഒ ആയ പ്രോജക്റ്റ് സ്റ്റെപ്പ് വണ്ണിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.