തിരുവനന്തപുരം ഏപ്രിൽ 1: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത്.
കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗൺ പ്രഖ്യാപനവും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാർ വീണ്ടും സാലറി ചലഞ്ചിനൊരുങ്ങുന്നത്. ഇതു വഴി 2,500 കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സർക്കാർ അഭ്യർഥിച്ചിരുന്നു. അന്ന് സാലറി ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിച്ചത്.