റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ പ്രകാശനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സ്ത്രീ മുന്നേറ്റത്തിന് കൈത്താങ്ങും സഹയാത്രികയുമായ വനിത വികസന കോര്‍പ്പറേഷനെ കുറിച്ചും കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നായ മിത്ര 181 വനിത ഹെല്‍പ് ലൈനിനെ കുറിച്ചും പ്രചരണവും അവബോധവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരസ്യ ചിത്രങ്ങള്‍ തയ്യാറാക്കിയത്.

സംസ്ഥാന വനിത വികസന കോര്‍പറേഷന് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതും ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി  പറഞ്ഞു.  വനിത ശിശുവികസന വകുപ്പ് യാഥാര്‍ത്ഥ്യമായതോടെ വനിത വികസന കോര്‍പ്പറേഷന് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. വനിതകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സഹായ വായ്പകള്‍ അനുവദിക്കാനും അവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിത വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വനിത വികസന കോര്‍പറേഷന്റെ സേവനങ്ങളും മിത്ര 181ന്റെ സേവനങ്ങളും ജനങ്ങളിലെത്തിക്കാനാണ് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സേഫ് സ്റ്റേ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചും ചലച്ചിത്രതാരം മീര നന്ദന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. വനിത വികസന കോര്‍പറേഷന്റെ മികച്ച പദ്ധതികളില്‍ ഒന്നായ മിത്ര 181 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും വിവിധ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നതിനും കൗണ്‍സലിംഗിനും രക്ഷാസേവനത്തിനും വിളിക്കാം. വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് അവരുടെ ചലനാത്മകത പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ സേഫ് സ്റ്റേ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഹൃസ്വകാല താമസ സൗകര്യം മിതമായ നിരക്കില്‍ സംസ്ഥാനത്തുടനീളം ഉറപ്പുവരുത്തുന്നതിന് ആദ്യ ഘട്ടത്തില്‍ 40 ഹോസ്റ്റലുകള്‍ ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രയോജനകരമാക്കാന്‍ വേണ്ടിയാണ് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

വി.കെ. പ്രശാന്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംവിധായകര്‍ക്കും സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചവര്‍ക്കുമുള്ള  ഉപഹാരങ്ങള്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ വിതരണം ചെയ്തു. ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ചു. വനിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സലീഖ, മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, വനിത വികസന കോര്‍പറേഷന്‍ മാനേജര്‍ എസ്. ആശ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *