ന്യൂഡൽഹി: രാജ്യം ഇക്കൊല്ലം പത്മശ്രീ പ്രഖ്യാപിച്ചപ്പോള്‍ പ്രായം തളര്‍ത്താത്ത ഒരു അമ്മ മനസിനെ കൂടി അഭിനന്ദിക്കുകയായിരുന്നു. 105കാരിയായ പപ്പമ്മാളാണ് ആ അമ്മ. പ്രായത്തിന്റെ പരിമിതികള്‍ ഇല്ലാതെ, മണ്ണില്‍ പൊന്ന് വിളയിക്കുന്നതിനാണ് അവരെ രാജ്യം ആദരിച്ചത്.
മുപ്പതാം വയസില്‍ തുടങ്ങിയതാണ് സുസ്ഥിരവും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്തതുമായ കൃഷി,രുചികരവും ആരോഗ്യദായകവുമായ ഉത്പന്നങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടുള്ള അവരുടെ യാത്ര. ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ആ യാത്രയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സാധാരണക്കാര്‍ വിശ്രമ ജീവിതം നടത്തുന്ന 60കള്‍ കഴിഞ്ഞിട്ടും കൃഷിയിടത്തില്‍ അവര്‍ ഇന്നും സജീവമാണ്. വാഴയും ചോളവും വിളയുന്ന മണ്ണില്‍ പുലര്‍ച്ചെ 5.30 മുതല്‍ പണി ആരംഭിക്കുമെന്നാണ് പപ്പമ്മാളമ്മ പറയുന്നത്.
ബിരിയാണിയുടെ ആരാധികയായ അവര്‍ ഇലയില്‍ മാത്രം ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് പപ്പമ്മാള്‍ മണ്ണില്‍ പൊന്ന് വിളയിക്കുന്നത്. വിവിധയിനത്തില്‍പെട്ട ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മാത്രമല്ല പഴങ്ങളും പച്ചക്കറികളുമൊക്കെ പപ്പമ്മാളിന്റെ കൃഷിയിടത്തില്‍ വളരുന്നുണ്ട്.. കോയമ്പത്തൂര്‍ സ്വദേശിയായ പപ്പമ്മാളിന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാണ്. മുത്തശ്ശിയുടെ കൂടെയാണ് പപ്പമ്മാള്‍ ജീവിച്ചിരുന്നത്. ചെറുപ്പം മുതലെ മുത്തശ്ശിക്കൊപ്പം കൃഷിയിടങ്ങളില്‍ പോകുമായിരുന്ന പപ്പമ്മാള്‍ കൂടുതല്‍ സമയവും തന്റെ കൃഷിയിടത്തിലാണ് ചിലവിടുന്നത്. കച്ചവടം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പപ്പമ്മാള്‍ കൃഷി ചെയ്തിരുന്നത്.
ഒന്നും രണ്ടുമല്ല പത്ത് ഏക്കര്‍ സ്ഥലത്താണ് പപ്പമ്മാള്‍ ആദ്യം കൃഷി ചെയ്തിരുന്നത്. എന്നാല്‍ പത്തേക്കറോളം സ്ഥലത്ത് തന്നെക്കൊണ്ട് കൃഷി നടത്താന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ കൃഷിയിടത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ഇവര്‍ വിറ്റു. ഇപ്പോള്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് പപ്പമ്മാള്‍ കൃഷി ചെയ്യുന്നത്.
തമിഴ്നാട് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് കൃഷിയുടെ പാഠങ്ങള്‍ പഠിച്ച പപ്പമ്മാള്‍ ഇപ്പോള്‍ നിരവധിപേര്‍ക്ക് തന്റെ കൃഷി രീതിയെക്കുറിച്ചും മറ്റുമൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകമെമ്പാടും ജൈവ കൃഷി രീതികള്‍ക്ക് പ്രസക്തിയേറിക്കൊണ്ടിരി ക്കുകയാണ്. അമിതമായ രാസവളപ്രയോഗവും രാസകീടകുമിള്‍ കളനാശിനികളുടെ ഉപയോഗവും മനുഷ്യനിലും മൃഗങ്ങളിലും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിളകള്‍ക്കുണ്ടാകുന്ന നിയന്ത്രണാതീതമായ കീട-രോഗബാധകള്‍ വര്‍ഷങ്ങളായി നിയന്ത്രണവിധേയമെന്നു കരുതിയിരുന്ന പല രോഗങ്ങളുടെയും തിരിച്ചുവരവ് എന്നിവയും ഇതുമൂലമാണെന്നു കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ പ്രായത്തിന്റെ എല്ലാ അവശതകളെയും മറന്ന് കൃഷിയില്‍ സജീവമാകുന്ന പപ്പമ്മാള്‍ പുതു തലമുറയില്‍പ്പെട്ടവര്‍ക്കും വലിയ പ്രചോദനമാണ്.

